Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ പ്രോസിക്യൂഷന്റെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ സാവത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളിയത്.
 

Latest News