ഹൈദരാബാദ്- 2007-ല്‍ ഹൈദരാബാദിലെ മക്കാ മസ്ജിദിലുണ്ടായ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സംഘടനയായ അഭിനവ് ഭാരത് പ്രവര്‍ത്തകരായ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ അഞ്ചു പ്രതികളേയും എന്‍ഐഎ പ്രത്യേക കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരായ ഒരു തെളിവും കോടതിയില്‍ ഹാജരാക്കിയില്ലെന്നും വിധിയില്‍ കോടതി പറഞ്ഞു. ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ലക്ഷണ ദാസ് മഹാരാജ്, മോഹന്‍ലാല്‍ റതേശ്വര്‍, രാജേന്ദര്‍ ചൗധരി എന്നിവരാണ് വെറുതെ വിട്ട മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ കേസ് അന്വേഷിച്ച എന്‍ഐഎക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. രണ്ടു പ്രതികളായ രാമചന്ദ്ര കലസങ്കര, സന്ദീപ് ഡാങ്കെ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. മറ്റൊരു പ്രതിയായ ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷി കേസില്‍ അന്വഷണം പുരോഗമിക്കുന്നതിനിടെ ദുരൂഹമായി വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.
തുടക്കത്തില്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയും 2011-ല്‍ എന്‍ഐഎക്ക് കൈമാറുകയുമായിരുന്നു. കേസില്‍ 226 സാക്ഷികളെ വസ്തരിച്ചു. 411 രേഖകള്‍ ഹാജരാക്കി. സാക്ഷി വിസ്താരത്തിനിടെ ആര്‍ എസ് എസ് ബന്ധമുള്ള സൈനികോദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ ശ്രീകാന്ത്് പുരോഹിത് അടക്കം 64 പേര്‍ കൂറുമാറിയിരുന്നു.