ഹൈദരാബാദ്- ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദികളുടെ ഭീകരാക്രണങ്ങളിലെ പങ്ക് വെളിച്ചത്തു കൊണ്ടു വന്ന ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ്-എന്‍ഐഎ പ്രത്യേക കോടതി കഴിഞ്ഞയാഴ്ചയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 2007 മേയ് 18-ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറി. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച ശേഷം അന്വേഷണം 2011-ല്‍ എന്‍ഐഎ ഏറ്റെടുത്തു.
ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 10 പേരാണ് പ്രതികളായി കണ്ടെത്തിയത്. ഇവരില്‍ സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി, ലോകേഷ് ശര്‍മ എന്നിവരെ മാത്രമെ അറസ്റ്റ് ചെയ്യാനായുള്ളു. ഇവരുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്. മറ്റൊരു പ്രതിയായ ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷി ദുരൂഹമായി കൊല്ലപ്പെട്ടു. ഒളിവില്‍ പോയ സംഘപരിവാര്‍ നേതാക്കളായ സന്ദീപ് വി ഡാങ്കെ, രാമചന്ദ്ര കല്‍സങ്കര എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. സ്വാമി അസിമാനന്ദ, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ ജാമ്യത്തിലും മറ്റു മൂന്ന് പേര്‍ ഹൈജരാബാദ് സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലും കഴിയുകയാണ്.
അജ്‌മേര്‍, മാലേഗാവ് എന്നി മുസ്ലിം കേന്ദ്രങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലും ഈ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇവരില്‍ അജമേര്‍ ദര്‍ഗ സ്‌ഫോടന കേസ് പ്രതിയായ ദേവേന്ദ്ര ഗുപ്തയെ കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.