ജയ്പുർ- രാജസ്ഥാനിൽ അംബദ്കർ ജന്മവാർഷിക ചടങ്ങിൽ പ്രസംഗിക്കാനെത്തിയ ഗുജറാത്തിലെ ദളിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ ജയ്പുർ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു. നഗൗർ ജില്ലയിലെ മെർത്ത പട്ടണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കാനാണ് മേവാനി രാജസ്ഥാനിലെത്തിയത്. എന്നാൽ പട്ടണത്തിൽ പ്രവേശിക്കാനോ, പ്രസംഗിക്കാനോ മേവാനിക്ക് അനുമതിയില്ലെന്ന കത്ത് നൽകി പോലീസ് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഏപ്രിൽ 15നും 30നുമിടയിൽ മേവാനിക്ക് രാജസ്ഥാനിൽ പ്രസംഗിക്കാൻ അനുമതിയില്ലെന്നും മേവാനി പ്രസംഗിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നായിരുന്നു പോലീസിന്റെ കത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞ് മാധ്യമപ്രവർത്തകർ അന്വേഷിച്ചെത്തിയതോടെ പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. യാത്രയെക്കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്ന നിബന്ധനയോടെയായിരുന്നു വിട്ടയച്ചത്.
താൻ രാജസ്ഥാനിൽ വന്നത് ബാബാ സാഹിബ് അംബേദ്കറെക്കുറിച്ചും, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും സംസാരിക്കാനാണെന്നും, തന്നെ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മേവാനി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ, വസുന്ധര രാജെ ഭരണത്തിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പരിപാടിക്ക് എന്തെങ്കിലും തരത്തിലുള്ള വിലക്കുള്ളതായി ഇന്നലെ രാവിലെ വരെ പോലീസിൽനിന്ന് അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്ന് സംഘാടകനായ ധർമേന്ദ്ര ജാഥവ് പറഞ്ഞു.