ലഹരിയോടെ ഡ്രൈവിംഗ്,  വാഹനങ്ങള്‍  ഇടിച്ചിട്ടു; നടിയും കൂട്ടാളിയും കസ്റ്റഡിയില്‍

കൊച്ചി- മിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിംഗ് ് അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്നാണ് പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചത്. ഇതില്‍ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ടയര്‍ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. ആളുകള്‍ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി.
2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി ഇരുവരും പോലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്.
പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
 

Latest News