Sorry, you need to enable JavaScript to visit this website.

വിവാഹത്തിൽ എതിർപ്പ്; മകളേയും ഭർത്താവിനേയും  പിതാവ്  വീട്ടിൽ കയറി വെട്ടിക്കൊന്നു  

ചെന്നൈ- മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വെട്ടിക്കൊന്നു.  തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടി ഗ്രാമത്തിൽ രേഷ്മ, മണികരാജു എന്നിവരെയാണ് പ്രതിയായ മുത്തുക്കുട്ടി വീട്ടിൽ കയറി വെട്ടിക്കൊന്നത്. മുത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലേക്കു തിരികെക്കൊണ്ടുവന്നത്. 
തുടർന്ന് ഇരുവരും വാടക വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവം.  വീരപ്പട്ടി ഗ്രാമത്തിലെ ആർസി സ്ട്രീറ്റ് സ്വദേശിയായ രേഷ്മയും അയൽവാസി മണികരാജുവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെങ്കിലും രേഷ്മയുടെ കുടുംബം ഇതിനെ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുൻപ് ഇരുവരും വീടുവിട്ടിറങ്ങി തൂത്തുക്കുടിയിലെത്തി വിവാഹം കഴിച്ചു വാടക വീട്ടിൽ താമസവുമാക്കിയിരുന്നു.  ഇതിനിടയിൽ വീരപ്പട്ടി പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് ഇരുവരെയും തിരികെ ഗ്രാമത്തിലെത്തിച്ചത്.  അവർ തന്നെയാണ് താമസിക്കാനുള്ള സംവിധാനവും ഒരുക്കി കൊടുത്തത്.  പക്ഷെ കൂലിപ്പണിക്കാരനായ മരുമകനെ അംഗീകരിക്കാൻ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടിയ്ക്ക് കഴിഞ്ഞില്ല. 
വൈകുന്നേരം ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി രണ്ടുപേരെയും അരിവാളുകൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണു മുത്തുക്കുട്ടി സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹങ്ങൾ കോവിൽപെട്ടി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് ബിലാത്തിക്കുളം ഡിഎസ്പിയായ പ്രകാശ് സ്ഥലം സന്ദർശിക്കുകയും എട്ടയപുരം പോലീസ് സ്‌റ്റേഷനു കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുത്തുക്കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
 

Latest News