ദിലീപിനൊപ്പം സിനിമയിൽ വർക്ക് ചെയ്തതിലൂടെ പ്രൊഫഷണലായി പല കാര്യങ്ങളും മനസ്സിലാക്കാനായെന്ന് യുവനടി നമിത പ്രമോദ്. കമ്മാരസംഭവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. ദിലീപിന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തിലാണ് നമിത കമ്മാരസംഭവത്തെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചും വിശദീകരിച്ചത്.
'എന്റെ ഒരു സഹോദരനെപ്പോലെ, എന്റെ സുഹൃത്തിനെപ്പോലെ ജീവിതത്തിൽ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ദിലീപ്. അദ്ദേഹത്തിനൊപ്പമുള്ള നാലാമത്തെ ചിത്രമാണിത്. ഓരോ തവണ വർക്ക് ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ കാര്യങ്ങളാണ് പഠിക്കാൻ കഴിയുന്നത്.' നടിയെന്ന നിലയിൽ ഏറെ ആഹ്ലാദം പകർന്ന അവസരങ്ങളാണിത്.
ഏതൊരു അഭിനേതാവിന്റേയും സ്വപ്നമാണ് ഇതുപോലൊരു വലിയ സിനിമ. ഭാനുമതിയെന്ന കഥാപാത്രം എനിക്ക് നൽകിയതിന് രതീഷ് അമ്പാട്ടിന് നന്ദി പറയുന്നുവെന്ന് നടി പറഞ്ഞു. സംവിധായകൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച സിനിമയാണ് കമ്മാരസംഭവം. പക്ഷേ ഒരിക്കൽപോലും ആ ബുദ്ധിമുട്ടോ അതിന്റെ സമ്മർദ്ദമോ അദ്ദേഹം അഭിനേതാക്കളിലേക്ക് കാണിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു.
നായിക ഇങ്ങിനെയൊക്കെ വാചകമടിക്കുന്നുണ്ടെങ്കിലും ദിലീപിന്റെ വിഷു ചിത്രത്തിന് ഇനീഷ്യൽ പുള്ളില്ലെന്നാണ് പ്രദർശന ശാലകളിൽ നിന്ന് ലഭിക്കുന്ന സൂചന. ജയിൽ മോചിതനായ ദിലീപിന്റെ രാമലീല മെഗാ ഹിറ്റായിരുന്നു. മൂന്ന് മണിക്കൂർ ഫ്രീ തലവേദനയെന്നാണ് കോഴിക്കോട്ടെ ഒരു നിരൂപകൻ അറിയിച്ചത്.