Sorry, you need to enable JavaScript to visit this website.

ബിസിനസുകാരനെ ലൗ ജിഹാദ് കേസില്‍ കുടുക്കാന്‍ ഹിന്ദു യുവതിയെ വാടകക്കെടുത്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മുസ്ലിം വ്യാപാരി വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഹിന്ദു യുവതി രംഗത്തുവന്ന സംഭവത്തില്‍ ട്വിസ്റ്റ്. വ്യാപാരിയായ പ്രിന്‍സ് ഖുറേഷിയെ ലൗ ജിഹാദ് കേസില്‍ പെടുത്താന്‍ തന്നെ രണ്ടുപേര്‍ വാടകക്കെടുത്തതാണെന്ന് യുവതി വെളിപ്പെടുത്തി. 27 കാരനായ ഖുറേഷി വിവാഹ വാഗ്ദാനം ചെയ്ത് യു.പിയിലെ കാസ്ഗഞ്ചില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് 24 കാരി പരാതിപ്പെട്ടിരുന്നത്. മോനു ഗുപത എന്ന പേരിലാണ് യുവാവ് പരിചയപ്പെടുത്തിയതെന്നും യുവതി പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ഈ മാസം 16 നാണ് യുവാവിനെതിരെ കേസെടുത്തത്. പരാതിക്കു പിന്നാലെ അമാന്‍ ചൗഹാന്‍ (34) ആകാശ് സോളങ്കി (28) എന്നിവരുടെ നേതൃത്വത്തില്‍ ഗഞ്ചുദ്വാര പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയതോടെ ഖുറേഷിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്ന് യുവതി വെളിപ്പെടുത്തി. ചൗഹാന്‍, സോളങ്കി എന്നിവാരണ് വ്യാജ ആരോപണം ഉന്നയിക്കാന്‍ ഏല്‍പിച്ചതെന്നും പറഞ്ഞു. വൈദ്യപരിശോധനക്ക് വിധേയയാകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് യുവതി സത്യാവസ്ഥ വെളിപ്പെടുത്തിയത്. കുറ്റസമ്മതത്തിനു പിന്നാലെ യുവതിക്കും, ചൗഹാന്‍, സോളങ്കി എന്നിവര്‍ക്കുമെതിരെ ഗൂഢാലോചനക്ക് കേസെടുത്തു. നേരത്തെയുള്ള ശത്രുതയാണ് ആരോപണങ്ങളിലേക്ക് നയിച്ചതെന്നാണ് മനസ്സിലാകുന്നതെന്ന് കാസ്ഗഞ്ച് എസ്.പി മുര്‍ത്തി പറഞ്ഞു. യുവതിയെ വാടകക്കെടുത്തവരില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന കാര്യം കൂടി വെളിച്ചത്തുവന്നതോടെ നടപടി സ്വീകരിച്ചിരിക്കയാണ് പാര്‍ട്ടി. ചൗഹാനെ പാര്‍ട്ടിയില്‍നിന്ന് നീക്കിയതായി ജില്ലാ പ്രസിഡന്റ് കെ.പി. സിംഗ് പറഞ്ഞു.

Latest News