മുംബൈ- കഠിനമായിരുന്നെങ്കിലും നല്ലതിനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് വിവാഹ മോചനത്തെ കുറിച്ച് ദക്ഷിണേന്ത്യന്‍ നടി സാമന്ത. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് തെലുഗ് നടനായ നാഗ ചൈതന്യയുമായുള്ള വിവാഹം വേര്‍പെടുത്തിയതിനുശേഷം പലവിധ അഭ്യൂഹങ്ങളാണ് പരന്നിരുന്നത്. പല അഭിമുഖങ്ങളിലും വിവാഹ മോചനത്തെ കുറിച്ച് സാമന്ത പരക്ഷോമായി പലതും പറഞ്ഞിരുന്നുവെങ്കിലും നാഗ ചൈതന്യ പൊതുവെ മൗനം പാലിക്കുകയായിരുന്നു.
വിവാഹം പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് കോഫി വിത്ത് കരണ്‍ സീസണ്‍ 7 പരിപാടിയില്‍ സാമന്ത വീണ്ടും പ്രതികരിച്ചു. വേര്‍പിരിഞ്ഞത് നന്നായെന്നും ഇപ്പോള്‍ തന്നെ കൂടുതല്‍ കരുത്ത് നേടിയെന്നും സാമന്ത പറഞ്ഞു.
ഇപ്പോഴും പരസ്പരം ദേഷ്യമുണ്ടോ എന്ന ചോദ്യത്തെ ഇരുവരേയും ഒരു മുറിയില്‍ അടച്ചാല്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ മാറ്റിവെക്കേണ്ടിവരുമോ എന്നാണോ ചോദ്യമെന്ന് സാമന്ത മറുചോദ്യം ഉന്നയിച്ചു. ഇപ്പോള്‍ അങനത്തെ സാഹചര്യമില്ലെന്നും ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ലെന്നും നടി പറഞ്ഞു.
വിവാഹ മോചനത്തിനുശേഷം സാമന്തയെ കുറ്റപ്പെടുത്തിയാണ് കൂടുതല്‍ അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നത്. കുട്ടികള്‍ വേണ്ടന്നായിരുന്നു സാമന്തയുടെ നിലപാടെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും പ്രചരിച്ചിരുന്നു. ഇതൊക്കെ വ്യക്തിഹത്യയാണെന്നും മറുപടി പറയാനില്ലെന്നുമായിരുന്നു നടിയുടെ നിലപാട്. വിവാഹമോചനമെന്നത് വേദനയേറിയ പ്രക്രിയയാണെന്നും മുറിവുണക്കാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടതെന്നും സാമന്ത പറഞ്ഞു.
കുടുംബാംഗങ്ങളെ നിരാശപ്പെടുത്തുന്ന വേഷങ്ങള്‍ ചെയ്യില്ലെന്ന് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ നടന്‍ നാഗ ചൈതന്യ വ്യക്തമാക്കിയത് സാമന്തക്ക് നല്‍കിയ കുത്താണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എല്ലാ വേഷങ്ങളും ഇഷ്ടമാണെങ്കിലും കുടുംബത്തേയും പ്രതിഛായയേയും ബാധിക്കുന്ന വേഷങ്ങള്‍ സ്വീകരിക്കില്ലെന്നും നാഗ ചൈതന്യ പറഞ്ഞു. സാമന്ത കരിയര്‍ മോഹങ്ങള്‍ക്കു പിന്നാലെ പോയതാണ് വിവാഹം പരാജയപ്പെടാന്‍ കാരണമെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ആളുകള്‍ വിലയിരുത്തി.