ന്യൂദല്‍ഹി- 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അവിവാഹിതയെ അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് കോടതി വ്യക്തമാക്കി.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമത്തിന്റെ അനാവശ്യമായ നിയന്ത്രണ വീക്ഷണമാണ് നേരത്തെ ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
ഹരജിക്കാരിയെ അനാവശ്യ ഗര്‍ഭം ധരിക്കാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാകുമെന്നും അവിവാഹിതയായതിന്റെ അടിസ്ഥാനത്തില്‍ മാത്രം അവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.
വിവാഹിതയും അവിവാഹിതയും തമ്മിലുള്ള വ്യത്യാസത്തിന് നിയമം കൊണ്ട് നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. എംടിപിയുടെ 2021-ലെ ഭേദഗതിയില്‍ ഭര്‍ത്താവ് എന്നതിന് പകരം പങ്കാളി എന്ന വാക്ക് ഉപയോഗിച്ചത് വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ നിയമം പരിരക്ഷിക്കുന്നുവെന്നതിനു തെളിവാണ്.
നിയമത്തിലെ പ്രയോജനകരമായ വ്യവസ്ഥകള്‍ വൈവാഹിക ബന്ധത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വാസ്തവത്തില്‍ സ്ത്രീയുടെ വിശാലമായ ശാരീരിക സ്വയംഭരണാധികാരം മനസ്സില്‍ വെച്ചുകൊണ്ട് പാര്‍ലമെന്റ് വിശാലമായ അര്‍ത്ഥം നിര്‍വചിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.