ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ശിവസേനയിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിന് വിടേണ്ടി വരുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏക്നാഥ് ഷിന്‍ഡേ, ഉദ്ധവ് താക്കറേ വിഭാഗങ്ങളുടെ ആറു ഹരജികളാണ് കോടതിക്കു മുന്നിലുള്ളത്. അയോഗ്യത നടപടി, സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ചീഫ് വിപ്പ് നിര്‍ണയം, വിശ്വാസ വോട്ടെടുപ്പ് എന്നീ വിഷയങ്ങളിലാണ് വിവിധ ഹരജികള്‍. ഇതില്‍ ചില വിഷയങ്ങളില്‍ ഗൗരവകരമായ ഭരണഘടന പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിശാല ബെഞ്ചിന് വിടേണ്ടി വരുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസ് വീണ്ടും ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും.