14 വർഷത്തെ ഇടവേളക്കു ശേഷം കേരളം സന്തോഷ് ട്രോഫി ഉയർത്തുമ്പോൾ ഏവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ഇത് അച്ചടക്കമുള്ള ഒരു ടീമിന്റെ വിജയമാണെന്നത്. സതീവൻ ബാലനെന്ന കോച്ചിന്റെ കർശന ശിക്ഷണത്തിൽ ചിട്ടയായ രീതിയിൽ പരിശീലിച്ച്, ഒരേ മനസ്സോടെ കളിച്ച് നേടിയ വിജയം. എടുത്തുപറയാവുന്ന താരങ്ങളോ, അസാമാന്യ കഴിവുള്ള കളിക്കാരോ ഒന്നുമില്ലാതിരുന്നിട്ടും, കേരളത്തിന് ദേശീയ ചാമ്പ്യന്മാരാവാൻ കഴിഞ്ഞെങ്കിൽ, കാരണവും അച്ചടക്കവും ഒത്തൊരുമയും മാത്രം.
ഫുട്‌ബോൾ ഒരു ടീം ഗെയിമാണ്. എന്നുവെച്ചാൽ കളിക്കളത്തിലും പുറത്തും കളിക്കാർ ഒരൊറ്റ സംഘമായിരിക്കണം. അപശബ്ദങ്ങൾക്കോ താൻപോരിമക്കോ അവിടെ ഇടമില്ല. ഒരേ മനസ്സോടെ കളിക്കുന്ന ടീമുകളാണ് സ്ഥിരമായ വിജയം നേടുക.
കഴിഞ്ഞ തവണ ലോക ചാമ്പ്യന്മാരായ ജർമനിയുടെ കാര്യം നോക്കുക. മെസ്സിയെയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ, നെയ്മാറെയോ പോലൊരു സൂപ്പർ താരം ആ ടീമിലില്ല. എന്നിട്ടും ലോകകപ്പിലുടനീളം അപരാജിതരായി മുന്നേറിയ ടീമായിരുന്നു ജർമനി. ബ്രസീലിനെ 7-1 ന് തകർത്തു. ഒടുവിൽ അർജന്റീനയെ തോൽപിച്ച് ലോകകപ്പും നേടി.
ഷ്വാർസ്‌നീഗർ, ലുവാണ്ടോവ്‌സ്‌കി, മാറ്റ് ഹാമൽ, മാരിയോ ഗോട്‌സെ, മെസുത് ഒസീൽ തുടങ്ങിയ പ്രഗൽഭർ ജർമൻ ടീമിലുണ്ട്. പക്ഷേ ടീമിലെ സൂപ്പർ താരം കോച്ച് യോവാക്വിം ലോ ആണ്. എല്ലാ താരങ്ങളേയും ഒരു ചരടിൽ കോർത്തെന്ന പോലെ നിയന്ത്രിച്ചുനിർത്തുന്ന ആജ്ഞാശക്തിയുള്ള കോച്ച്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ജർമനി ഒരൊറ്റ ടീമായി മാറി. അതാണ് വിജയത്തിന് കാരണമായതും.
സൂപ്പർ താരങ്ങളും, പ്രതിഭാധനരായ കളിക്കാരും ഏതൊരു ടീമിനും മുതൽക്കൂട്ടാണെന്നതിൽ തർക്കമില്ല. അവരുടെ സാന്നിധ്യം പോലും ചിലപ്പോൾ മത്സര ഫലം മാറ്റിമറിക്കും. പക്ഷേ ടൂർണമെന്റുകൾ ജയിക്കുന്നതിന് അതു മാത്രം പോരാ. ടീമിന്റെ സംഘശക്തി കൂടിയേ തീരൂ.
കളിക്കാരുടെ നിലവാരം കണക്കിലെടുത്താൽ വരുന്ന ലോകകപ്പ് ജയിക്കാൻ ഏറ്റവും ശേഷിയുള്ള ടീം അർജന്റീനയാണെന്ന് നിസ്സംശയം പറയാം. അത്രയേറെ സൂപ്പർ താരങ്ങൾ നിറഞ്ഞ ടീമാണത്. പക്ഷേ ലോകകപ്പിന് യോഗ്യത നേടാൻ പോലും അവർ പെട്ട പാട് മറക്കാറായിട്ടില്ല. മെസ്സിയുടെ ഇന്ദ്രജാലം ഒന്നുകൊണ്ട് മാത്രം നിർണായക മത്സരത്തിൽ ഇക്വഡോറിനെ തോൽപിച്ചാണ് അർജന്റീന യോഗ്യത നേടിയത്.
സൂപ്പർ താരങ്ങളുടെ പട തന്നെയുണ്ടായിട്ടും അർജന്റീനക്ക് സമീപകാലത്തൊന്നും ലോകകപ്പിലോ കോപ അമേരിക്കയിലോ ചാമ്പ്യന്മാരാവാൻ കഴിഞ്ഞിട്ടില്ല. മികച്ച ടീമുകളുമായി എത്തിയ ബ്രസീൽ, ഫ്രാൻസ്, ഹോളണ്ട്, ഇറ്റലി തുടങ്ങിയ ടീമുകൾക്കും മുമ്പ് പലപ്പോഴും ഇത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. 2010 ലെ ലോകകപ്പിനിടെ ഫ്രഞ്ച് ടീമിലുണ്ടായ കലാപം രാജ്യത്തിനു തന്നെ നാണക്കേടായിരുന്നു.
താരങ്ങൾ വലുതാവുമ്പോൾ ടീമുകൾ ചെറുതായി പോകുന്ന അനുഭവം ഇന്ത്യയിലും കേരളത്തിലും നമ്മൾ കണ്ടിട്ടുള്ളതാണ്. കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ ഐ.എം. വിജയൻ എന്നാണ് ഉത്തരം. പക്ഷേ വിജയൻ താരമായി വളർന്നതോടെ ടീമിന്റെ അച്ചടക്കത്തിൽ ഒതുങ്ങാതെ വന്നു. കോച്ചുമാർക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. ഇന്ത്യൻ ടീമിന്റെ വിദേശ കോച്ചുമാർക്കു പോലും വിജയൻ വഴങ്ങാറില്ലായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
ഒന്നാം തരം ഡിഫന്ററായിരുന്നു വി.പി. സത്യൻ. നല്ലൊരു ക്യാപ്റ്റനും. പക്ഷേ വിട്ടുകൊടുക്കാത്ത സ്വഭാവമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ടീമിന്റെ വിജയത്തിന് ഈ സ്വഭാവം ചിലപ്പോഴൊക്കെ ഗുണം ചെയ്യും. പക്ഷേ എല്ലാത്തിനും സത്യന് സത്യന്റേതായ ശൈലിയുണ്ടായിരുന്നു. കോച്ചുമാർ പറയുന്ന കാര്യം തനിക്കു കൂടി ബോധിച്ചാൽ മാത്രമേ വകവെച്ചുകൊടുക്കൂ.
മികച്ച കളിക്കാർ ടീമിന് അനിവാര്യമാണെങ്കിലും അവർ ടീമിന്റെ അച്ചടക്കത്തിനുള്ളിൽ വന്നില്ലെങ്കിൽ വലിയ കാര്യമൊന്നുമില്ല. പിന്നെ മത്സരങ്ങളിലെ ജയം കേവലം ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
അച്ചടക്കമില്ലായ്മ ടീമിന്റെ ദുരന്തത്തിൽ കലാശിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം, ഇക്കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം തന്നെ. ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിൽ മികച്ച കളിക്കാരും കോച്ചുമൊക്കെ ഉണ്ടായിട്ടും, ആരാധകർ കലവറയില്ലാത്ത പിന്തുണ നൽകിയിട്ടും ബ്ലാസ്റ്റേഴ്‌സ് ലീഗിന്റെ തുടക്കത്തിൽ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു.
ടീമിലെ പടലപ്പിണക്കവും അച്ചടക്കമില്ലായ്മയുമാണ് അതിന് കാരണമെന്ന് പിന്നീട് തെളിഞ്ഞു. പുറത്താക്കപ്പെട്ട കോച്ച് റെനെ മ്യൂളൻസ്റ്റീൻ പിന്നീട് കളിക്കാർക്കും ക്യാപ്റ്റൻ സന്ദേശ് ജിംഗനുമെതിരെ പരസ്യ പ്രതികരണം നടത്തുന്ന അവസ്ഥയുമുണ്ടായി.
കോച്ചുമാർ അവസാന വാക്കായി കണക്കാക്കുന്ന യൂറോപ്യൻ ഫുട്‌ബോളിൽ എത്ര വലിയ കളിക്കാരനായാൽ പോലും അച്ചടക്കമില്ലെങ്കിൽ ടീമിന്റെ ഏഴയലത്ത് അടുപ്പിക്കില്ല. ഫ്രഞ്ച് ടീമിന്റെ പുറത്തു നിൽക്കുന്ന കരീം ബെൻസീമ ഉദാഹരണം. ഫ്രാൻസിൽ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളാണ് ബെൻസീമ. ചാമ്പ്യൻസ് ലീഗിൽ മാത്രം 51 ഗോളടിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഗോളടി യന്ത്രത്തിനൊപ്പം കളിക്കുമ്പോഴാണ് ബെൻസീമ സ്വന്തം മികവ് കാട്ടുന്നതെന്ന് ഓർക്കണം. പക്ഷേ, ഫ്രഞ്ച് ടീമിൽ ബെൻസീമയെ കോച്ച് ദിദിയർ ദെഷോം അടുപ്പിക്കില്ല. കാര്യം മറ്റൊന്നുമല്ല. പറഞ്ഞാൽ കേൾക്കില്ല, അത്രതന്നെ.
അച്ചടക്കമില്ലെങ്കിൽ എത്ര വലിയ കളിക്കാരനായാലും ടീമിന് ഉൾക്കൊള്ളാനാവില്ല. എത്ര ഭാവനാ സമ്പന്നനായ കോച്ചിനും അച്ചടക്കമില്ലാത്ത കളിക്കാരെക്കൊണ്ട്, അവർ എത്ര മികച്ചവരായാലും ഒന്നും ചെയ്യാനുമാവില്ല. എന്നാൽ സാധാരണ കളിക്കാരെ കൊണ്ട് അച്ചടക്കമുള്ള നല്ലൊരു ടീമിനെ വാർത്തെടുത്താൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനുമാവും. ഗ്രീസിന്റെ 2008 ലെ യുറോ കപ്പ് വിജയം അതിനുദാഹരണം. ഓട്ടോ റെഹാഗൽ എന്ന ഹെഡ്മാസ്റ്റർ ശൈലിക്കാരനായ ജർമൻ കോച്ച് തികഞ്ഞ അച്ചടക്കത്തോടെ കെട്ടിപ്പടുത്ത ടീമാണ് ഫ്രാൻസിനെയും പോർച്ചുഗലിനെയുമെല്ലാം തോൽപിച്ച് കപ്പുയർത്തിയത്.
രണ്ട് വർഷം മുമ്പ് സാധാരണ ടീമായ ലെസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായതും അത്തരമൊരു അച്ചടക്കത്തിന്റെ കഥയാണ്. ക്ലോഡിയോ റെനിയേരി എന്നൊരു കോച്ചാണ് സാധാരണ കളിക്കാർ മാത്രമുള്ള ടീമിനെ ലോകത്തിലെ തന്നെ ഏറ്റവും മാത്സര്യവും വാശിയും നിലനിൽക്കുന്ന ഫുട്‌ബോൾ ലീഗിലെ ചാമ്പ്യന്മാരാക്കിയത്.
കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിനു പിന്നിലും ഇത്തരം അച്ചടക്കം തന്നെയാണ്. കളിക്കാരെ സദാസമയവും ടീമിന്റെ ഭാഗമായി നിലനിർത്തുന്ന, കളിക്കളത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രാപ്തരാക്കുന്ന സമീപനമായിരിക്കണം പരിശീലകർ സ്വീകരിക്കേണ്ടത്. തനിക്ക് കിട്ടിയത് താരപ്രഭയില്ലാത്ത യുവാക്കളുടെ നിരയായതിനാൽ തന്റെ നിയന്ത്രണത്തിൽ അവരെ നിർത്താൻ കഴിഞ്ഞുവെന്നും അത് ടീമിന് ഗുണം ചെയ്തുവെന്നും സന്തോഷ് ട്രോഫി വിജയത്തിനു ശേഷം സതീവൻ ബാലൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാവിയിൽ വിജയങ്ങൾ ആവർത്തിക്കാനും ഇത്തരം അച്ചടക്കം കൂടിയേ തീരൂ. എ. റഫീഖ്‌സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോൾ ടീംകേരള ടീമിന് തിരുവനന്തപുരത്ത് ജനകീയ സ്വീകരണം നൽകിയപ്പോൾ