മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിനും മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാർവ്വതിക്കും നൽകാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിക്കപ്പെട്ടുവെന്ന് ദേശീയ പുരസ്‌കാര ജൂറിയിലെ പ്രാദേശിക ഭാഷാ അംഗം വിനോദ് മങ്കര വെളിപ്പെടുത്തി. പാർവ്വതിയേയും ടേക്ക് ഓഫിനേയും പിന്തുണച്ചാണ് അവസാന നിമിഷം വരെ എല്ലാവരും നിലപാടെടുത്തത് എന്നും അവസാന നിമിഷം അതെങ്ങനെ മാറിയെന്നത് വരും ദിവസങ്ങളിൽ അറിയേണ്ട കാര്യമാണ് എന്നും വിനോദ് മങ്കര പറയുന്നു. മികച്ച നടിക്കുള്ള പട്ടികയിൽ ശ്രീദേവി ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ശേഖർ കപൂറിന്റെ ആദ്യ ചിത്രത്തിലെ നായിക ആയത് കൊണ്ടാണോ അതോ സർക്കാരിൽ നിന്നും ഇടപെടൽ നടന്നത് കൊണ്ടാണോ പുരസ്‌ക്കാരം അട്ടിമറിക്കപ്പെട്ടത് എന്ന് അറിയില്ലെന്നും വിനോദ് മങ്കര പറഞ്ഞു. പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അട്ടിമറി നടന്നത് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ജീവിതത്തിൽ ആദ്യമായാണ് ശ്രീദേവിയെ തേടിയെത്തിയത്. അതും മരണത്തിന് ശേഷം.
തിരിമറി നടന്നിട്ടുണ്ട് എന്ന സൂചന തന്നെയാണ് ജൂറി ചെയർമാർ ശേഖർ കപൂറിന്റെ വാക്കുകളിലുമുള്ളത്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ബോളിവുഡിലും അഞ്ച് പതിറ്റാണ്ടിലധികം തിളങ്ങി നിന്ന നായികയാണ് ശ്രീദേവി. എന്നാൽ ഈ അഭിനയ ജീവിതത്തിൽ ദേശീയ പുരസ്‌ക്കാരം എന്ന നേട്ടം സ്വന്തമാക്കാൻ ശ്രീദേവിക്ക് സാധിച്ചിരുന്നില്ല. ശ്രീദേവി അഭിനയച്ച മോം എന്ന ചിത്രം ഇത്തവണ മത്സരത്തിനുണ്ടായിരുന്നു. ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിക്കാത്തത് കൊണ്ട് മരണാനന്തര ബഹുമതി എന്ന നിലയ്ക്ക് ശ്രീദേവിക്ക് മികച്ച നടിക്കുന്ന പുരസ്‌ക്കാരം നൽകിയേക്കുമെന്ന് പ്രഖ്യാപനത്തിന് മുൻപേ തന്നെ സൂചനകളുണ്ടായിരുന്നു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ച ശേഷം ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞത് ഇത് അവരോടുള്ള ബന്ധം കൊണ്ട് നൽകുന്നതല്ല എന്നാണ്. എന്നാൽ പിന്നീടുള്ള പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത് അർഹിക്കുന്നവരെ തഴഞ്ഞാണ് ശ്രീദേവിക്ക് പുരസ്‌ക്കാരം നൽകിയതെന്നാണ്