വാഷിംഗ്ടണ്‍- അമേരിക്കയില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഗര്‍ഭച്ഛിദ്ര അവകാശ പ്രതിഷേധത്തിനിടെ ഇല്‍ഹാന്‍ ഉമര്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്തു.
കൈവിലങ്ങ് ധരിപ്പിച്ച് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്ന വീഡിയോ ക്ലിപ്പ് ഇല്‍ഹാന്‍ ഉമറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു. സുപ്രീം കോടതിക്ക് പുറത്ത് സഹ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. പ്രത്യുത്പാദന അവകാശങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ശബ്ദമുയര്‍ത്താന്‍ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഇല്‍ഹാന്‍ ഉമര്‍ ട്വീറ്റ് ചെയ്തു.
17 കോണ്‍ഗ്രസ് അംഗങ്ങളടക്കം 35 പേരെ അറസ്റ്റ് ചെയ്തതായി യു.എസ് ക്യാപിറ്റല്‍ പോലീസ് അറിയിച്ചു.
ഗതാഗതം തടയുന്നത് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന് പോലീസ് ട്വീറ്റ് ചെയ്തു.
മൊത്തം 35 അറസ്റ്റുകള്‍ നടത്തിയെന്നും ഇവരില്‍ 17 കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും പോലീസ് പറഞ്ഞു.
മസാച്യുസെറ്റ്സിലെ അസിസ്റ്റന്റ് സ്പീക്കര്‍ കാതറിന്‍ ക്ലാര്‍ക്ക്, മസാച്യുസെറ്റ്സിലെ അയന്ന പ്രസ്ലി, കാലിഫോര്‍ണിയയിലെ ബാര്‍ബറ ലീ, കാലിഫോര്‍ണിയയിലെ ജാക്കി സ്പീയര്‍, കാലിഫോര്‍ണിയയിലെ സാറാ ജേക്കബ്‌സ്, ന്യൂജേഴ്സിയിലെ ബോണി വാട്സണ്‍ കോള്‍മാന്‍, മിഷി ലെവിന്‍ , മിഷിഗനിലെ റാഷിദ ത്‌ലൈബ്, ഇല്ലിനോയിയിലെ ജാന്‍ ഷാക്കോവ്‌സ്‌കി, പെന്‍സില്‍വാനിയയിലെ മാഡ്ലൈന്‍ ഡീന്‍, മിസോറിയിലെ കോറി ബുഷ്, ന്യൂയോര്‍ക്കിലെ കരോലിന്‍ മലോണി, ന്യൂയോര്‍ക്കിലെ നൈഡിയ വെലാസ്‌ക്വസ്, ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ്, നോര്‍ത്ത് കരോലിമേജിലെ അല്‍മ ആഡംസ് എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഗര്‍ഭച്ഛിദ്ര സംരക്ഷണം നിര്‍ത്തലാക്കാനുള്ള കോടതിയുടെ തീരുമാനം ഒരു മാസം മുമ്പ് പുറത്തുവന്നതിനു ശേഷം ഗര്‍ഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നവരും ഗര്‍ഭച്ഛിദ്ര അവകാശത്തെ എതിര്‍ക്കുന്നവരും സുപ്രീം കോടതിക്ക് സമീപം പ്രകടനം നടത്തുന്നുണ്ട്.
2022 ജൂണ്‍ 24-നാണ് 1973 ലെ വിധിയില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച ഭരണഘടനാപരമായ അവകാശത്തെ അസാധുവാക്കിക്കൊണ്ട് യു.എസിലെ സുപ്രീം കോടതി ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയത്.
ഗര്‍ഭച്ഛിദ്രത്തിനുള്ള 50 വര്‍ഷത്തോളം പഴക്കമുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കിയ കോടതി സംസ്ഥാനങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാമെന്നും വ്യക്തമാക്കി.