കൊച്ചി-പുതിയ പാട്ട് പുറത്തിറക്കുന്നതിനു മുന്നോടിയായി സദാചാരക്കാരോട് വഴി മാറാന്‍ ആവശ്യപ്പെട്ട് ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും.
ഇരുവരും സംയുക്തമായി ഒരുക്കുന്ന ആദ്യ സംഗീത വിഡിയോ ആണിത്. 'തൊന്തരവ' എന്ന പേരിലുള്ള പാട്ടിന്റെ ടീസര്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
പ്രണയാര്‍ദ്രമായി ചുംബിക്കാനൊരുങ്ങുന്ന ദൃശ്യങ്ങളാണ് ടീസറില്‍. പാട്ടിന്റെ മുഴുവന്‍ പതിപ്പ് ഉടന്‍ പ്രേക്ഷകര്‍ക്കരികില്‍ എത്തുമെന്ന് ഇരുവരും അറിയിച്ചു.
'ഞങ്ങള്‍ ഒരുമിച്ചൊരുക്കുന്ന ആദ്യ സിംഗിള്‍ ഉടന്‍ പുറത്തു വരും. നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമാണ്. സദാചാരക്കാരേ, ദയവായി നിങ്ങളുടെ വഴിയില്‍ നീങ്ങുക. നിങ്ങളുടെ ദര്‍ശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമല്ല ഇത്. എല്ലാവരോടും ഒരിക്കല്‍ക്കൂടി നന്ദി', പാട്ടിന്റെ ടീസര്‍ പങ്കിട്ട് ഗോപി സുന്ദര്‍ കുറിച്ചു.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.