ലോസ്ആഞ്ചലസ്- അമേരിക്കയിലെ കലിഫോർണിയയിൽ വിനോദ യാത്രക്കിടെ ഈൽ നദിയിൽ ഒഴുക്കിൽ പെട്ടു കാണാതായ നാലംഗ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതോടെ കുടുംബം അപകടത്തിൽ പെട്ടതാണെന്ന സംശയത്തിന് ബലമേറി. മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്നു സംശയിക്കുന്ന ചില വസ്തുക്കളും ഇതോടൊപ്പം കണ്ടുകിട്ടിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
തോട്ടപ്പിള്ളി സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച പോർട്ട്‌ലാൻഡിൽനിന്നു സാൻഹൊസെ വഴി സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. ലെഗ്ലെറ്റിൽനിന്ന് അഞ്ചു മൈൽ അകലെ ദേശീയപാത 101 ൽപെട്ട ഡോറാ ക്രീക്കിൽ വെച്ച് ഇവരുടെ വാഹനം 40 അടി താഴ്ചയിലുള്ള ഈൽ നദിയിൽ വീണതായാണ് കരുതുന്നത്. അപകട ദിവസം കാലിഫോർണിയയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.
സന്ദീപിന്റെ വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10 ന് ഡോറാ ക്രീക്കിനു സമീപത്തുള്ള ഹൈവേ 101 ലൂടെ കടന്നുപോയിരുന്നതായി കാലിഫോർണിയ ഹൈവേ പട്രോളിംഗ് പോലീസ് അറിയിച്ചു. ക്ലാമത്‌റെഡ് വുഡ് റോഡിലാണ് അവസാനമായി വാഹനം കണ്ടതെന്നും പോലീസ് വ്യക്തമാക്കി.
ലോസ്ആഞ്ചലസിൽ താമസിക്കുന്ന കുടുംബം വിനോദ യാത്രക്കു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. യാത്രയ്ക്കിടയിൽ സാൻഹൊസെയിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോടു പറഞ്ഞത്.ലോസ് ആഞ്ചലസിനു സമീപം സാൻറാ ക്ലരീറ്റയിൽ യൂണിയൻ ബാങ്കിൽ വൈസ് പ്രസിഡൻറായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗുജറാത്തിലെ സൂറത്തിലാണു സന്ദീപിന്റെ കുടുംബം താമസിക്കുന്നത്. സൗമ്യയുടെ കുടുംബം കൊച്ചിയിലും. 12 വർഷമായി ഇവർ അമേരിക്കയിലുണ്ട്. സന്ദീപിന്റെ കാനഡയിലുള്ള സഹോദരൻ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. പിതാവ് ബാബു സുബ്രഹ്മണ്യനും അമ്മ രമയും ഗുജറാത്തിൽനിന്ന് അമേരിക്കയിലേക്ക് പോകുന്നുണ്ട്.