Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് ആദ്യ തെരഞ്ഞെടുപ്പ് വിജയം

ഭോപ്പാല്‍- മധ്യപ്രദേശില്‍  ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) ആദ്യ തെരഞ്ഞെടുപ്പ് വിജയം. തദ്ദേശ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചത്.
ഖണ്ട്വ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് നമ്പര്‍ 14 ല്‍ മജ്‌ലിസ് സ്ഥാനാര്‍ത്ഥി ഷക്കീറ ബിലാലാണ് തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിലെ നൂര്‍ജഹാന്‍ ബീഗത്തെ 285 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഖണ്ട്വയിലെ 50 വാര്‍ഡുകളില്‍, മേയര്‍ സ്ഥാനാര്‍ഥി കനിസ് ഫാത്തിമക്കു പുറമെ, 10 വാര്‍ഡുകളില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ഖണ്ട്വയില്‍ നടന്ന പൊതുയോഗത്തില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രസംഗിച്ചിരുന്നു.
സംസ്ഥാന തലസ്ഥാനമായ ഭോപ്പാല്‍, വ്യാവസായിക കേന്ദ്രമായ ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലും ഉവൈസി തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടിയിരുന്നു.

ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം
കറാച്ചിയിലേക്ക് തിരിച്ചുവിട്ടു

ന്യൂദല്‍ഹി- ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പൈലറ്റ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുവെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നും ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.
യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കാന്‍ കറാച്ചിയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്നും കമ്പനി അറിയിച്ചു.
രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണിത്.
നേരത്തെ, ജൂലൈ അഞ്ചിന് ന്യൂദല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് മുന്‍കരുതലായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.

വൈദ്യുതി പോസ്റ്റിനു സമീപം
മൂത്രമൊഴിച്ചയാള്‍ ഷോക്കേറ്റ് മരിച്ചു

ഹൈദരാബാദ്- തെലങ്കാനയില്‍ വൈദ്യുതി പോസ്റ്റിനുസമീപം മൂത്രമൊഴിച്ചയാള്‍ ഷോക്കേറ്റു മരിച്ചു.  സൈദാബാദിലെ ധോബി ഘട്ടിലാണ് മൂത്രമൊഴിക്കുന്നതിനിടെ വൈദ്യുതാഘാതത്തെ തുടര്‍ന്നുള്ള മരണം. .
ഗുജറാത്തില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ കരീം ഭായ് (40) ആണ് മരിച്ചത്. മദന്നപേട്ട് മണ്ടിയിലെ വ്യാപാര സ്ഥാപനത്തില്‍ പലചരക്ക് സാധനങ്ങള്‍ ഇറക്കാന്‍ എത്തിയതായിരുന്നു.
സാധനങ്ങള്‍ ഇറക്കിയ ശേഷം ധോബി ഘട്ടിലെ ബിസ്‌ക്കറ്റ് ഫാക്ടറിക്ക് സമീപം കരിം കാര്‍ നിര്‍ത്തിയതായി പോലീസ് പറഞ്ഞു. മൂത്രമൊഴിക്കുന്നതിനിടെ സമീപത്തെ വൈദ്യുത തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.സംഭ വത്തില്‍ സൈദാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News