Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് അവധിക്കാലം,  കുട്ടികളിൽ ഒരു കണ്ണ് വേണം

അവധിക്കാലമാണ്. കുട്ടികൾ വിരുന്നു പോകുന്ന കാലം. സ്‌കൂൾ അടച്ച സന്തോഷത്തിൽ ഉമ്മയുടെ വീട്ടിലേക്കും മറ്റു ബന്ധു വീടുകളിലേക്കും പാർക്കാനും കുറച്ചു ദിവസം അവിടെയുള്ള കൂട്ടുകാരോടൊപ്പം കളിക്കാനും കുട്ടികൾക്ക് വീണു കിട്ടുന്ന വാർഷിക അവധി. പഠനത്തിനും ടെൻഷനുകൾക്കും ഫ്രീ കൊടുത്ത് തുമ്പികളെ പോലെ പാറിക്കളിക്കാൻ കിട്ടുന്ന അസുലഭാവസരം. ഈ അവധിക്കാലം അപകടങ്ങളുടെ കൂടി കാലമാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. പല അവധിക്കാല ആഘോഷങ്ങളും തീരാത്ത വേദന സമ്മാനിക്കാൻ നമ്മുടെ ചെറിയ അശ്രദ്ധ കാരണമാവാറുണ്ട്. 
വെള്ളക്കെട്ടുകൾ, പുഴകൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങൾ അടുത്തുള്ള വീടുകളിലേക്ക് കുട്ടികളെ വിരുന്നിനു പറഞ്ഞയക്കുമ്പോൾ സൂക്ഷിക്കണം. കുട്ടികളിൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണം. പരിചയമില്ലാത്ത സ്ഥലത്തേക്ക് കുളിക്കാനും കളിക്കാനും  വിടുമ്പോൾ കൂടുതൽ കരുതൽ വേണം. നീന്തൽ അറിയാത്ത കുട്ടികളെ ഒരിക്കലും രക്ഷിതാക്കൾ കൂടെയില്ലാതെ മറ്റു കുട്ടികളുടെ കൂടെ കുളിക്കാൻ പറഞ്ഞു വിടരുത്. 
വേറെ ഒരു പ്രധാനപ്പെട്ട കാര്യം കൂടി ശ്രദ്ധിക്കാനുണ്ട്. കൊച്ചു പെൺകുട്ടികളെയും കൗമാരക്കാരായ ആൺകുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണം. വീടകങ്ങളിൽ പല ശാരീരിക ചൂഷണങ്ങൾക്കും ഇരയാവനുള്ള സാധ്യത  അവധിക്കാലങ്ങളിൽ കൂടുതലാണ്. 


മുതിർന്നവരുമായുള്ള ഇടപെടലുകൾ, ഇഴുകിച്ചേരലുകൾ, ഒന്നിച്ചുള്ള കിടത്തം തുടങ്ങിയവ സൂക്ഷിക്കണം. വിരുന്നു പോകുന്ന വീട്ടിൽ നമ്മുടെ കുട്ടികളെ നമ്മോടൊപ്പം തന്നെ കിടത്താൻ പരമാവധി ശ്രദ്ധിക്കുക. വെള്ളത്തെ പോലെ തന്നെ കുട്ടികളുടെ കാര്യത്തിൽ മനുഷ്യരെയും പേടിക്കണം, പ്രത്യേകിച്ച് ഇക്കാലത്ത്.
മറ്റേ നോട്ടം, അസ്ഥാനങ്ങളിലുള്ള സ്പർശം, സ്‌നേഹ രൂപേണയുള്ള ഇഴുകിച്ചേരലുകൾ, ഓമനിക്കൽ, താലോലിക്കൽ തുടങ്ങിയവ ശ്രദ്ധിക്കണം. എല്ലാവരെയും സംശയിക്കാൻ പറ്റില്ല. എന്നാൽ എല്ലാവരെയും വിശ്വസിക്കാനും പറ്റില്ല. നോട്ടം, സ്പർശം, ഓമനിക്കൽ, തലോടൽ, സ്‌നേഹ പ്രകടനം ഇവയിലെ ചതിയും ചൂഷണവും മുതലെടുപ്പും മക്കൾക്ക് മുൻകൂട്ടി മനസ്സിലാക്കിക്കൊടുക്കുന്നതും നല്ലതാണ്. എല്ലാ അങ്കിൾമാരും നല്ലവരായിക്കോളണം എന്നില്ല, എല്ലാ മുതിർന്ന കുട്ടികളും മര്യാദക്കാർ ആവണം എന്നുമില്ല.  
മിഠായി തരുന്നവരെല്ലാം സ്‌നേഹം കൊണ്ടാവണം എന്നുമില്ല എന്നൊക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അവസരം മുതലെടുക്കാൻ കാത്തിരിക്കുന്നവർ ചുറ്റിലും ഉണ്ടാകുമെന്ന് നമ്മൾ രക്ഷിതാക്കൾ ഓർക്കുന്നത് നല്ലതാണ്.  
കുട്ടികൾ എവിടെയെങ്കിലും പോയി കളിക്കട്ടെ എന്ന് കരുതി അവരുടെ ഭാഗത്തേക്ക് തന്നെ തിരിഞ്ഞു നോക്കാതെ വരുമ്പോഴാണ് പല ശാരീരിക അപകടങ്ങളും സംഭവിക്കുന്നത്. കുടുംബങ്ങളിലും ബന്ധങ്ങളിലും അടക്കം ലൈംഗിക ശാരീരിക പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും മക്കൾ ഇരയാവുമെന്ന ഒരു മുൻധാരണയും കളി പലപ്പോഴും കാര്യമാവുമെന്ന തിരിച്ചറിവും ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. 

Latest News