ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

അലഹാബാദ്- ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എയെ കസ്റ്റഡിയിലെടുത്തത് കൊണ്ടായില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അലഹാബാദ് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. മേയ് രണ്ടിനകം കേസില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ സിബഐ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് കോടതി ഉത്തരവ്. നാലു തവണ എംഎല്‍എ ആയി ഈ ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സെന്‍ഗറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്നാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതിനു തൊട്ടുപിറകെയാണ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ഡി ബി ഭോസലെ യുടെ നേതൃത്വത്തിലുള്ള ബെഞ്ച് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. കേസ് അന്വേഷണം കണിശമായും നിയമാനുസൃതമായിരിക്കണമെന്നു നിര്‍ദേശിച്ച കോടതി കേസിലെ മറ്റു പ്രതികള്‍ക്കു നല്‍കിയ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണിക്കമെന്നും നിര്‍ദേശിച്ചു.  

ഉന്നവോ പീഡനക്കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
 

Latest News