ഹൈദരാബാദ്-ജോലിക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ വ്യാജ വിരലടയാളം നിര്‍മിച്ചതിന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ജിഎച്ച്എംസി) മൂന്ന് ജീവനക്കാരെ സെന്‍ട്രല്‍ സോണ്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു.
മാഡി വെങ്കട്ട് റെഡ്ഡി, മാസ്‌കു ലക്ഷ്മി നരസിംഹ, കഷമോണി വെങ്കിടേഷ് എന്നിവരാണ് അറസ്റ്റിലായത്. ബയോമെട്രിക് യന്ത്രം വഴി ശുചീകരണത്തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ പ്രതികള്‍ വ്യാജ വിരലടയാളങ്ങളും പെരുവിരലടയാളങ്ങളും സൃഷ്ടിക്കുന്നത് പതിവായിരുന്നു.
പ്രതികളില്‍ നിന്ന് 43 വ്യാജ വിരലടയാളങ്ങളും മൂന്ന് ബയോമെട്രിക് മെഷീനുകളും പോലീസ് പിടിച്ചെടുത്തു. എം-സീല്‍, ഫെവിക്കോള്‍, മെഴുക് എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ വ്യാജ വിരലടയാളങ്ങള്‍ സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകളിലൂടെയാണ് ഇവര്‍ വ്യാജ വിരലടയാളങ്ങള്‍ സൃഷ്ടിക്കാന്‍ പഠിച്ചത്.
പ്രതികള്‍ ശുചീകരണ തൊഴിലാളികളില്‍ നിന്ന് ശമ്പളം വിതരണം ചെയ്യുന്നതിനിടയില്‍ പണം പിരിക്കുക പതിവായിരുന്നു. ഓരോ ഷിഫ്റ്റിലും മൂന്നോ നാലോ ജീവനക്കാര്‍ ഹാജരാകാറില്ലെന്ന് പ്രതികള്‍ സമ്മതിച്ചു. ഇതുവഴി പ്രതിവര്‍ഷം 76,00,000 രൂപ നഷ്ടമുണ്ടായെന്നാണ് കണക്ക്.