ചെന്നൈ- നയന്‍താര -വിഗ്‌നേഷ് ശിവന്‍ കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയെന്ന് റിപ്പോര്‍ട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്‌ലിക്‌സിനു വിറ്റത്. വിഗ്‌നേഷ് പല വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് കാരണം. കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയായപ്പോള്‍ വിഗ്‌നേഷ് ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇനിയും വൈകിയാല്‍ ആളുകള്‍ക്ക് ചിത്രങ്ങള്‍ കാണാനുള്ള താത്പര്യം നഷ്ടമാവുമെന്നാണ് വിഗ്‌നേഷ് പറയുന്നത്. എന്നാല്‍, ദൃശ്യങ്ങളുടെ അവകാശം തങ്ങള്‍ക്കാണെന്നും അത് ലംഘിക്കുകയാണ് വിഗ്‌നേഷ് ചെയ്തതെന്നും നെറ്റ്ഫ്‌ലിക്‌സ് ആരോപിക്കുന്നു.
വിവാഹച്ചെലവുകളൊക്കെ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സ് ആണെന്നാണ് റിപ്പോര്‍ട്ട്. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തതും സെക്യൂരിറ്റി ഗാര്‍ഡുകളെയൊക്കെ കൊണ്ടുവന്നതും നെറ്റ്ഫ്‌ലിക്‌സ് തന്നെ. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വാര്‍ത്തകള്‍ വന്നു.
ജൂണ്‍ 9നാണ് നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.