ന്യൂദല്‍ഹി- ഇന്ത്യയിലെ പ്രധാന എക്‌സ്‌ചേഞ്ചില്‍നിന്ന് 20 കോടി രൂപയുടെ 438 ബിറ്റ്‌കോയിനുകള്‍ നഷ്ടമായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി മോഷണമാണിത്.
ദല്‍ഹി ആസ്ഥാനമായ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യൂറാണ് സൈബര്‍ സെല്ലില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. കമ്പനിയുടെ സി.എസ്.ഒ അമിതാബ് സക്‌സേനയെയാണ് സംശയം. ഇയാള്‍ രാജ്യം വിടാതരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചുവെക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐ.പി.സി വകുപ്പുകള്‍ പ്രകാരവും ഐ.ടി നിയമത്തിലെ 66 ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
രാജ്യത്തെമ്പാടുമായി രണ്ട് ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള കമ്പനി ഓഫ് ലൈനായി സൂക്ഷിച്ച ബിറ്റ്‌കോയിനുകളാണ് അപ്രത്യക്ഷമായത്. ഇവയുടെ പാസ് വേഡുകള്‍ ചോര്‍ത്തി ഹാക്ക് ചെയ്യുകയായിരുന്നു. ഹാക്കര്‍മാരെ കണ്ടെത്താന്‍ കമ്പനി ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട വാലറ്റിന്റെ എല്ലാ ലോഗ് വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. എങ്ങോട്ടാണ് ബിറ്റ് കോയിനുകള്‍ മാറ്റിയെന്നതിന് ഒരു തെളിവും അവശേഷിക്കുന്നില്ല. കമ്പനിയുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് ബിറ്റ്‌കോയിനുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഉപയോക്താക്കളെ അറിയിച്ചത്. തങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടുവെന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത വിലാസത്തിലേക്ക് ബിറ്റ്‌കോയിനുകള്‍ മാറ്റിയെന്നുമാണ് കമ്പനി ഖേദപ്രസ്തവനയില്‍ വിശദീകരിച്ചത്.
കമ്പനിക്കകത്തുള്ളവര്‍ തന്നെയാണ് കവര്‍ച്ചക്കു പിന്നിലെന്ന് കോയിന്‍സെക്യൂര്‍ സ്ഥാപകനും സി.ഇ.ഒയുമായ മോഹിത് കല്‍റ പറഞ്ഞു. പ്രൈവറ്റ് കീ അഥവാ പാസ് വേഡുകള്‍ ഒരിക്കലും ഓണ്‍ലൈനിലൂടെ കൈമാറ്റം ചെയ്യപ്പെടാറില്ലെന്നും ഇത് മനഃപൂര്‍വം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങള്‍ സൈബര്‍ സെല്ലിനെ അറിയിച്ചതിനു പുറമെ, ഹാക്കര്‍മാരേയും ബിറ്റ് കോയിനുകളും കണ്ടെത്താന്‍ വിദഗ്ധരെ സമീപിച്ചതായും മോഹത് കല്‍റ പറഞ്ഞു. ഉപയോക്താക്കള്‍ക്കുണ്ടായ നഷ്ടം കമ്പനി നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാലറ്റുകള്‍ കവര്‍ച്ചക്കിരയായിട്ടുണ്ടോ എന്നു പരിശോധിക്കകുകയാണെന്നും കമ്പനിയുടെ സെര്‍വറുകള്‍ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു.