Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എ സിബിഐ കസ്റ്റഡിയില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് സര്‍ക്കാരിനേയും ബിജെപിയും വെട്ടിലാക്കിയ ഉന്നാവൊ കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെ കേസന്വേഷണമേറ്റെടുത്ത സിബിഐ കസ്റ്റഡിയിലെടുത്തു. കടുത്ത നിയമ വകുപ്പുകള്‍ ചുമത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ പോലീസും സിബിഐയും ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ശക്തമായതിനിടെയാണ് ചോദ്യം ചെയ്യാനെന്ന പേരില്‍ എംഎല്‍എയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുല്‍ദീപ് സിങിനെ സിബിഐ ലഖ്‌നൗ ഓഫീസിലെത്തിച്ചു. ഉന്നാവൊയിലെ മഖി പോലീസ് സ്റ്റേഷനില്‍ കുല്‍ദീപ് സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത് മൂന്ന് കേസുകളിലും അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

കേസ് ഏറ്റെടുക്കാനുള്ള അറിയിപ്പ് സിബിഐക്ക് വ്യാഴാഴ്ച രാത്രിയാണ് ലഭിച്ചത്. ഇതു ലഭിച്ച മണിക്കൂറുകള്‍ക്കു ശേഷം ഇന്നു പുലര്‍ച്ചെ 4.30-നാണ് കുല്‍ദീപ് സിങിനെ ലഖനൗവിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും സിബിഐ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് വൈകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ഉന്നാവൊ ബലാല്‍സംഗക്കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അയച്ച കത്തിനെ തുടര്‍ന്ന് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതു സംബന്ധിച്ച് ഇന്നു വിധിയുണ്ടാകും. കേസില്‍ പോലീസിന്റെ പെരുമാറ്റത്തിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് 16- വയസ്സുണ്ടായിരുന്ന തന്നെ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇപ്പോള്‍ പതിനെട്ടിനോടടുക്കുന്ന പെണ്‍കുട്ടി നീതി തേടി പല വാതിലുകളും മുട്ടിയിട്ടും ഫലമില്ലാതായതോടെ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ആക്രമിക്കപ്പെടുകയും ഇദ്ദേഹം പിന്നീട് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസില്‍ എംഎല്‍എയുടെ സഹോദരനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


 

Latest News