കറുവ മരത്തിന്റെ പുറംതൊലിയില്‍നിന്ന് ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ കറുവപ്പട്ടക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്.
പ്രമേഹ രോഗികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒന്നാണ് കറുവപ്പട്ട. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസും എല്‍ഡിഎല്‍ കൊളസ്ട്രോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഔഷധഗുണങ്ങള്‍ക്കായി ഇത് നിരവധി വീട്ടുവൈദ്യങ്ങളില്‍ ഉപയോഗിക്കുന്നു. പ്രമേഹം ചെറുക്കുന്നതിനായി കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ്. കാല്‍സ്യം, ഇരുമ്പ്, ഫൈബര്‍, മാംഗനീസ് എന്നിവ കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്.
* ദഹനക്കേട് പരിഹരിക്കുന്നു
* ആര്‍ത്രൈറ്റിസ് വേദന ശമിപ്പിക്കുന്നു
* പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
* യീസ്റ്റ് അണുബാധ തടയുന്നു
* രക്തത്തില്‍ ശീതീകരണ വിരുദ്ധ പ്രഭാവം ഉണ്ടാക്കുന്നു
* രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു
* കൊളസ്ട്രോള്‍ കുറയ്ക്കുന്നു
* രക്താര്‍ബുദം തടയാനും ലിംഫോമ കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം തടയാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. ഗ്രാമ്പൂ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം കറുവപ്പട്ടയിലുണ്ട്. ഇത് ശരീരത്തില്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. മൂന്ന് മാസത്തേക്ക് ദിവസവും 500 മില്ലിഗ്രാം കറുവപ്പട്ട സത്ത് കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ള മുതിര്‍ന്നവരില്‍ സമ്മര്‍ദ്ദം 14% കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രമേഹരോഗികള്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ അവരുടെ രോഗത്തെ തടഞ്ഞുനിര്‍ത്താവുന്നതാണ്. ഒരു നുള്ള് കറുവപ്പട്ട പൊടിയോ ഒരു ഇഞ്ച് കറുവപ്പട്ടയോ രാത്രി മുഴുവന്‍ കുതിര്‍ത്തുവെക്കുക. രാവിലെ ഇത് തിളപ്പിച്ച് ആറ്റി ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. പ്രമേഹരോഗികള്‍ക്ക് കറുവപ്പട്ട വെള്ളം ഗുണം ചെയ്യുമെങ്കിലും അത് വൈദ്യ പരിചരണത്തിന് പകരമാവില്ലെന്ന് കാര്യം മറക്കരുത്. കറുവപ്പട്ട വെള്ളം കുടിക്കുന്നതിനോ ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ മുമ്പായി ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.