Sorry, you need to enable JavaScript to visit this website.

പരസ്യ മോഡലിനും  വർണ വിവേചനം 

കറുപ്പിനഴക്, വെളുപ്പിനഴക് എന്നൊക്കെ സിനിമാ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. അത് കൊണ്ടൊന്നും കാര്യമില്ല. ഇന്ത്യക്കാർക്ക് തവിട്ടുനിറമുള്ള മോഡലിനെ പോലും കണ്ണിൽ പിടിക്കില്ലെന്നായി. ബോളിവുഡ് സിനിമയിൽ അഭിനയിച്ച ബ്രൗൺ സുന്ദരിയ്ക്ക് പോലും പരസ്യ ചിത്രങ്ങളിൽ ചാൻസില്ല. എല്ലാവർക്കും വെളുത്ത വിദേശ മോഡലിനെ മതിയെന്നായി. 
വെളുത്ത നിറവും പച്ചക്കണ്ണുകളുമുള്ള ഒരു സുന്ദരി പരസ്യ വാചകം പറയുന്നത് ഇന്ത്യൻ ഉപഭോക്താക്കൾ അതീവ വശ്യതയോടാണ് സ്വീകരിക്കുന്നത്. വിദേശത്തു നിന്ന് തൊഴിൽ വിസയിൽ മുംബൈയിൽ എത്തുന്ന മോഡലുകളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിക്കുന്നു എന്നതും ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്നു. ഇന്ത്യയിൽ സാധനങ്ങൾ വിറ്റഴിക്കണമെങ്കിൽ മോഡലിന്റെ ചർമ്മം വെളുത്തതായിരിക്കണം. ഇത് ഒരു വിദേശ പരസ്യ കമ്പനിയുടെ കണ്ടെത്തലാണെന്ന് കരുതി തെറ്റിദ്ധരിക്കരുത്. സ്വദേശികളും വിദേശികളുമായ പരസ്യ കമ്പനികൾ കഴിഞ്ഞ കുറെ വർഷങ്ങളായി അനുഭവിച്ചറിഞ്ഞ സത്യമാണിത്.
 എന്നാൽ, പലപ്പോഴും ഇന്ത്യൻ സാഹചര്യത്തിലേക്ക് ഇവരെ മാറ്റിയെടുക്കുക വെല്ലുവിളിയാവുന്നു എന്നും പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. വെളുത്ത നിറവും വശ്യതയും ഉണ്ടെങ്കിലും കറുത്തു കൊലുന്നനെയുള്ള മുടി വേണമെങ്കിൽ എന്തു ചെയ്യും; ഒന്നുകിൽ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പരസ്യത്തിൽ മുടി കറുപ്പിക്കാം. അല്ലെങ്കിൽ വെളുത്ത ഇന്ത്യൻ സുന്ദരികളെ തേടിപ്പിടിക്കേണ്ടി വരും.
 തവിട്ടു നിറമുള്ള ഇന്ത്യൻ മോഡലിംഗ് രംഗത്തെ വിലയേറിയ താരങ്ങൾ പോലും പല പരസ്യങ്ങളിലും ആവശ്യത്തിന് അനുസൃതമായി ചർമ്മത്തിന്റെ  നിറം മാറ്റിയിട്ടുണ്ട് ഫോട്ടോഷോപ്പ് തുടങ്ങിയ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ.  പക്ഷേ, മോഡൽ രംഗത്ത് വിദേശത്തു നിന്ന് ആവശ്യത്തിന് സുന്ദരികളെ ലഭ്യമാവുന്ന സാഹചര്യത്തിൽ പല കമ്പനികളും ഇതിന് മിനക്കെടാറില്ല എന്നതാണ് സത്യം.
 എന്നാൽ  തവിട്ടു നിറക്കാർക്ക് പാശ്ചാത്യ ലോകത്ത് വൻ ആദരമാണ് ലഭിക്കുന്നത്. തവിട്ടു നിറം വികാരങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പാശ്ചാത്യ പരസ്യ കമ്പനികൾ കരുതുന്നത്. 
യൂറോപ്പിലെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരുടെ സ്വപ്നങ്ങളാണ് ഇന്ത്യൻ മോഡലിംഗ് രംഗത്ത് മൊട്ടിടുന്നത്. ഇവർക്ക് ഒരു ഷൂട്ടിന് 500 മുതൽ 1500 ഡോളർ വരെ മാത്രം നൽകിയാൽ മതിയാവും. ഇത് അന്താരാഷ്ട്ര താരങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ വളരെ കുറവാണുതാനും.
 

Latest News