ബെംഗളൂരു- ബിജെപി സമ്പന്നരെ അനുകൂലിക്കുന്ന പാര്‍ട്ടിയാണെന്നും വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും കര്‍ണാടകയിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നിയമസഭാ കക്ഷി നേതാവുമായ എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു.
വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഈ പാര്‍ട്ടി നിങ്ങള്‍ക്കായി മറ്റൊരു ശ്രീലങ്ക സൃഷ്ടിക്കും. അതുകൊണ്ട് ഇത്തരം പാര്‍ട്ടികള്‍ വേണോ എന്ന് നിങ്ങള്‍ തീരുമാനിണം- കുമാരസ്വാമി പറഞ്ഞു.
പാവപ്പെട്ടവരെ ഉപദ്രവിച്ചാല്‍ ശ്രീലങ്കയിലുണ്ടായ പ്രതികരണം ഇവിടെയും കാണുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദാസറഹള്ളിയിലെ അബിഗെരെയിലും ഹൊസകെരെഹള്ളിയിലും നടന്ന ജനതാ മിത്ര പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജെ.ഡി.എസ് പാര്‍ട്ടിക്ക് ബെംഗളൂരുവില്‍ അടിത്തറയില്ലെന്നാണ് ചിലര്‍ പറയുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് നഗരത്തില്‍ അടിത്തറയുണ്ടോ ഇല്ലയോ എന്ന് കാണിച്ചു തരാം- കുമാരസ്വാമി പറഞ്ഞു.
ബിജെപിയെ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി മോഡിയുടെ വാക്കുകളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. മോഡിയും ബി.ജെ.പിയും സമ്പന്നര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയാണ് അവര്‍ വോട്ട് പിടിക്കുന്നത്. എല്ലായിടത്തും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്ന് കര്‍ണാടകയിലെ പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിയെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.