ജയ്പൂര്‍- ഉദയ്പൂരില്‍ കനയ്യ ലാല്‍ തെലിയുടെ ദാരുണമായ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്ന ഗുരുതര ആരോപണം ആവര്‍ത്തിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ്നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ജൂണ്‍ 28 നാണ് ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഉദയ്പൂര്‍ തലവെട്ടല്‍ കേസിലെ പ്രതികള്‍ക്ക് ബിജെപിയുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാം. മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക സ്ഥലത്താണ് പ്രതി താമസിച്ചിരുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു- മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
കേസിലെ പ്രതികളിലൊരാളുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ തയാറാകണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു. പ്രതികളിലൊരാള്‍ ബി.ജെ.പി പ്രവര്‍ത്തകനായതിനാല്‍ പ്രതിക്കെതിരെയുള്ള പരാതിയില്‍നിന്ന് പിന്മാറാന് പോലീസിനോട് ആവശ്യപ്പെട്ടുവെന്ന് വീട്ടുടമ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും ഗെലോട്ട് പറഞ്ഞു.
കനയ്യയെ കഴുത്തറുത്ത് കൊന്ന പ്രതി വാടക നല്‍കുന്നില്ലെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് വിഷയം അന്വേഷിക്കുന്നതിന് മുമ്പുതന്നെ ബിജെപി പ്രവര്‍ത്തകര്‍ ഭൂവുടമയെ വിളിച്ച് ബിജെപി പ്രവര്‍ത്തകനാണെന്നും ശല്യപ്പെടുത്തരുതെന്നും ഭൂവുടമയ്ക്ക് മുന്നറിയിപ്പ് നല്കി- ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.
ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ഉള്‍പ്പെടെയുള്ള ചില ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള മുഖ്യപ്രതി റിയാസ് അക്തരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അക്തരി ബിജെപി പ്രവര്‍ത്തകനാണെന്നാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.