ആദ്യമായി യു.എസ് കോൺഗ്രസ് മുമ്പാകെ ഹാജരായ ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സക്കർ ബർഗിനെ ക്യാമറയിൽ പകർത്താൻ ഫോട്ടോഗ്രഫർമാർ മത്സരിച്ചപ്പോൾ കൂട്ടിലിരിക്കുന്ന ജയിൽ പുള്ളിയെ പോലെ തോന്നിച്ചു അദ്ദേഹം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സക്കർ ബർഗ് ഓരോ ചോദ്യത്തെയും നേരിട്ടത്. സെനറ്റർ എന്നു ബഹുമാനത്തോടെ വിളിച്ചുകൊണ്ട് ഓരോ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ചില ചോദ്യങ്ങൾക്ക് തന്റെ ടീം പിന്നീട് മറുപടി നൽകുമെന്നും വ്യക്തമാക്കി. ചില സെനറ്റർമാർ സക്കർ ബർഗിനെ ശരിക്കും പ്രകോപിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞ രാത്രി തങ്ങിയ ഹോട്ടലിന്റെ പേര് വെളിപ്പടുത്താമോ എന്ന ഡെമോക്രാറ്റ് അംഗം ഡിക്ക് ഡർബിന്റെ ചോദ്യത്തിന് അൽപം സമയം എടുത്ത ശേഷം ഇല്ല എന്നു മറുപടി നൽകിയപ്പോൾ അത് അംഗങ്ങൾക്കിടയിൽ ചിരി പടർത്തി. ചില സെനറ്റർമാർ ഫേസ്ബുക്കിന്റെ യൂസർ എഗ്രിമെന്റിനെ ചോദ്യം ചെയ്തു. ആർക്കൊക്കെ മെസേജ് അയച്ചുവെന്ന കാര്യം വെളിപ്പെടുത്താമോ എന്ന ചോദ്യത്തിനു മുന്നിൽ അദ്ദേഹം പരുങ്ങിയപ്പോൾ, അതു തന്നെയാണ് പ്രശ്‌നത്തിന്റെ മർമമെന്ന് സക്കർ ബർഗിനെ ഉണർത്തി.
റഷ്യക്കെതിരെ ഓൺലൈൻ യുദ്ധം പ്രഖ്യാപിച്ച ഫേസ്ബുക്ക് മേധാവി, തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനെതിരായ പോരാട്ടത്തിനാണ് ഇനി തന്റെ മുൻഗണനയെന്ന് വ്യക്തമാക്കി.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് കോൺഗ്രസ് മുമ്പാകെയാണ് സക്കർ ബർഗ് ഇക്കാര്യം പറഞ്ഞത്.
33 കാരനായ കോടീശ്വരനിൽനിന്നുള്ള തെളിവെടുപ്പ് അഞ്ച് മണിക്കൂറോളം നീണ്ടു. ഫേസ്ബുക്കിന് ഇതുവരെ സംഭവിച്ച തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നതും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ വിശദീകരിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ മറുപടികൾ.
അനുമതിയില്ലാതെ 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വിവരവിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്തുവെന്ന് ഫേസ്ബുക്ക് സമ്മതിച്ചതിനെ തുടർന്നാണ് കോൺഗ്രസ് മുമ്പാകെ ഹാജരാകാൻ സക്കർ ബർഗിനോട് ആവശ്യപ്പെട്ടത്.
വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സമൂഹങ്ങളിൽ ഫേസ്ബുക്ക് എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു സക്കർ ബർഗിന്റെ മറുപടികളിൽ പലതും. 2018 ൽ ലോകത്തിന്റെ പല ഭാഗത്തും നടക്കാനുള്ള തെരഞ്ഞെടുപ്പുകളിൽ ആരും ഇടപെടില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇപ്പോൾ താൻ ശ്രദ്ധിക്കുന്ന ഏറ്റവും സുപ്രധാനമായ കാര്യമെന്ന് ന്യൂമെക്‌സിക്കോയിൽനിന്നുള്ള സെനറ്റർ ടോം ഉഡാളിന്റെ ചോദ്യത്തിന് ഫേസ്ബുക്ക് മേധാവി മറുപടി നൽകി.
അതേസമയം, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതു പോലെ റഷ്യ ഇനിയും ഇടപെടില്ലെന്ന് ഉറപ്പു നൽകാനാവില്ലെന്ന് സക്കർ ബർഗ് പറഞ്ഞു.
ഇല്ല, ഇക്കാര്യം ഉറപ്പു നൽകാനാവില്ല. കാരണം ഇത് തുടരുന്ന ഒരു ആയുധപ്പന്തയമാണ്. തെരഞ്ഞെടുപ്പുകളിൽ ഇടപടുകയെന്ന ലക്ഷ്യത്തോടെ റഷ്യയിൽ ആളുകൾ ഇരിക്കുന്നുണ്ടെങ്കിൽ ഇത് തുടരുക തന്നെ ചെയ്യും -സക്കർബർഗ് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ റഷ്യൻ ട്രോളുകൾ നിർവഹിച്ച ദൗത്യം കണ്ടെത്തുന്നതിനും തടയുന്നതിനുമെടുത്ത കാലതാമസമാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ പിഴവെന്നും ഫേസ്ബുക്ക് മേധാവി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് മേധാവി സക്കർ ബർഗിനെ യു.എസ് സെനറ്റ് സമിതി
ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ.
സാധാരണ ധരിക്കാറുള്ള ടി ഷർട്ട് ഒഴിവാക്കി വെളുത്ത ഷർട്ടും സ്‌കൈ ബ്ലൂ ടൈയും ധരിച്ചാണ് സെനറ്റിന്റെ വാണിജ്യ, നീതിന്യായ കമ്മിറ്റികൾക്കു മുമ്പാകെ സക്കർ ബർഗ് ഹാജരായത്.
വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനെ കുറിച്ച് ഓരോ സെനറ്ററും പങ്കുവെച്ച ആശങ്കൾ ക്ഷമയോടെ കേട്ട സക്കർ ബർഗ് കൃത്യമായ മറുപടി നൽകി. ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും വ്യക്തികളുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടാൽ കോൺഗ്രസിന് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് ഡെമോക്രാറ്റ് സെനറ്റർ ബിൽ നൽസൺ പറഞ്ഞു.
വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിന് പകരമാണ് ഫേസ്ബുക്ക് സൗജന്യ സേവനം നൽകുന്നതെങ്കിൽ അതിന്റെ വിശദാംശങ്ങൾ ഉപയോക്താക്കൾ അറിയേണ്ടതുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്ററും വാണിജ്യ കമ്മിറ്റി തലവനുമായ ജോൺ തൂണെ പറഞ്ഞു. തീരുമാനങ്ങളെടുക്കുന്നതിന് സഹായകമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ലഭിക്കുന്നില്ല. അമേരിക്കൻ സ്വപ്‌നമാണ് നിങ്ങൾ സ്ഥാപിച്ച കമ്പനി പ്രതിനിധീകരിക്കുന്നതെങ്കിലും അത് കോടിക്കണക്കിനുവരുന്ന ഉപയോക്താക്കൾക്ക് പേടിസ്വപ്‌നമാകരുതെന്ന് അദ്ദേഹം സക്കർ ബർഗിനെ ഓർമിപ്പിച്ചു.
മൊഴി നൽകുന്നതിനിടയിൽ സക്കർ ബർഗ് നിരവധി തവണയാണ് ക്ഷമ ചോദിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പ് പുറത്തു വന്നതിനു ശേഷം സക്കർ ബർഗും ഫേസ്ബുക്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്‌ബെർഗും ക്ഷമ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.
ശേഖരിച്ച വ്യക്തിവിവരങ്ങൾ ഉപയോഗിക്കില്ലെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക നൽകിയ ഉറപ്പ് ഫേസ്ബുക്ക് വിശ്വാസത്തിലെടുക്കാൻ പാടില്ലായിരുന്നു. അവരുടെ വാക്കുകൾ വിശ്വസിച്ചത് തെറ്റായിപ്പോയി. അത് അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയിരുന്നത് -ഡാറ്റകൾ ശേഖരിച്ച കാര്യം ഫെഡറൽ ട്രേഡ് കമ്മീഷനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിന് സക്കർ ബർഗ് മറുപടി നൽകി.
ഉപയോക്താക്കളുടെ വിവരങ്ങൾ ലഭിക്കുന്ന ഓരോ ആപ്പിനെ കുറിച്ചും ഫേസ്ബുക്ക് പൂർണതോതിലുള്ള അന്വേഷണം നടത്തുകയാണെന്നും തെറ്റായി എന്തെങ്കിലും ചെയ്യുന്നതായി കണ്ടെത്തുന്ന പക്ഷം നിരോധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പതിനായിരക്കണക്കിന് ആപ്പുകളാണ് ഫേസ്ബുക്ക് ഉപയോക്താക്കളുമായി ബന്ധപ്പെടുന്നത്.
2015 ൽ കേംബ്രിഡ്ജ് അനലിറ്റിക്ക പരസ്യങ്ങൾ നൽകിയിരുന്നില്ലെന്നാണ് ആദ്യം വ്യക്തമാക്കിയതെങ്കിലും പിന്നീട് ജീവനക്കാരോട് ചോദിച്ച ശേഷം ആ വർഷവും പരസ്യം ലഭിച്ചിരുന്നുവെന്ന് ഫേസ്ബുക്ക് മേധാവി തിരുത്തി.
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയവർ കേംബ്രിഡ്ജ് അനലിറ്റിക്കക്കു പുറമേ, വേറെയും കമ്പനികൾക്ക് അവ നൽകിയിരിക്കാമെന്ന് ഫേസ്ബുക്ക് മേധാവി സമ്മതിച്ചു.
യൂനോണിയ ഇത്തരത്തിലൊരു കമ്പനിയാണെന്നും വിവരങ്ങൾ ചോർത്തിയ കോഗൻ വേറെയും കമ്പനികൾക്ക് അവ വിറ്റിരിക്കാമെന്നും അദ്ദേഹം സെനറ്റർ ടമ്മി ബാൾഡ്‌വിന്റെ ചോദ്യത്തിന് മറുപടി നൽകി.
വ്യക്തിവിവരങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ സെനറ്റർമാർ
സക്കർ ബർഗിന്റെ സ്വകാര്യ വിവരങ്ങളും ചോദിച്ചു
താനാണ് ഫേസ്ബുക്ക് തുടങ്ങിയതെന്നും ഉപയോക്താക്കൾക്കു ദോഷകരമായും ഫേസ്ബുക്കിനെ ഉപയോഗിക്കാനാകും എന്നതു ഗൗരവമായി എടുത്തില്ലെന്നും സക്കർ ബർഗ് പറഞ്ഞു. വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പുകളിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകൾ എന്നിവ തടയുന്നതിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ഏഴു പേജുള്ള സാക്ഷ്യപത്രത്തിൽ സക്കർ ബർഗ് വിശദീകരിച്ചു. ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പു നൽകി. ഇതിനായി അടിസ്ഥാനപരമായ മാറ്റങ്ങൾക്കു കമ്പനി തയാറെടുക്കുകയാണ്.
കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചു എന്നു വെളിപ്പെട്ടതോടെ മൂന്നാഴ്ച മുമ്പാണ് ഫേസ്ബുക്ക് വിവാദത്തിലായത്.