പോപ് ഗായകരുടെ നിരവധി ജനപ്രിയ വീഡിയോകൾ യൂട്യൂബിൽനിന്ന് അപ്രത്യക്ഷമായി. വീഡിയോ ഹോസ്റ്റിങ് സേവനമായ വീവോയുമായി ബന്ധപ്പെട്ട യൂട്യൂബ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പണി കൊടുത്തതോടെ ഗായകർ ആശങ്കയിലാണ്. യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ ആസ്വദിച്ച ലൂയിസ് ഫോൻസിയുടെയും ഡാഡി യാൻകീയുടെയും ഡെസ്പാസിറ്റോ എന്ന സംഗീത വീഡിയോയും അപ്രത്യക്ഷമായവയിൽ ഉൾപ്പെടുന്നു.
തോക്കു ചൂണ്ടി നൽക്കുന്ന മുഖംമൂടി ധാരികളുടെ ചിത്രമാണ് വീഡിയോകളുടെ സ്ഥാനത്ത് കവർ ചിത്രമായി കാണിച്ചത്. ടെയ്‌ലർ സ്വിഫ്റ്റ്, അഡെൽ, കാറ്റി പെരി, ഇഗ്ഗി അസലി, എമിനെം, മാറൂൺ 5, ഷക്കീറ, സെലേന ഗോമസ്, ഡിജെ സ്‌നേക്ക്, ഡ്രേക്ക്, ക്രിസ് ബ്രൗൺ എന്നിവരുടെ വീഡിയോകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ ഹോസ്റ്റിങ് സേവനമായ വീവോയുമായി ബന്ധപ്പെട്ട യൂട്യൂബ് അക്കൗണ്ടുകളിൽ അപ് ലോഡ് ചെയ്ത വീഡിയോകളാണ് ഹാക്കർമാർ കയ്യടക്കിയത്. പ്രോസോക്‌സ്, കുറോയ്ഷ് എന്ന പേരുകളിലുള്ള ഹാക്കർമാരാണ് വീഡിയോകൾ ഹാക്ക് ചെയ്തത്.
പ്രോസോക്‌സ് എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ വീവോയുടെ സുരക്ഷാ സംവിധാനങ്ങൾ ദുർബലമാണെന്ന് പറയുന്നുണ്ട്. ഡെസ്പാസിറ്റോ ഗാനം ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ഈ ട്വീറ്റിൽ പറയുന്നു. അതേസമയം അടുത്തിടെ നൗ ദിസ് ന്യൂസ്, ബി.ബി.സി അറബിക് ന്യൂസ് എന്നിവയുടെ ട്വിറ്റർ ഫീഡ് ഹാക്ക് ചെയ്യാൻ ശ്രമിച്ച അതേ ഹാക്കർ തന്നെയാണ് കുറോയ്ഷ് എന്ന് റിപ്പോർട്ടുകളുണ്ട്.
വീഡിയോകൾ ഉടൻ തിരികെയെത്തുമെന്ന് വീവോ പത്രക്കുറിപ്പിൽ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട വീഡിയോകളുടെ എണ്ണവും മറ്റ് വിവരങ്ങളും ഉടൻ വ്യക്തമാക്കുമെന്നും പ്രസ്താവനയിൽ തുടർന്നു. യൂട്യൂബിൽ 500 കോടി ആളുകൾ ആസ്വദിച്ച ഗാനമാണ് ഡെസ്പാസിറ്റോ. അടുത്തിടെയാണ് ഡെസ്പാസിറ്റോയുടെ ആസ്വാദകരുടെ എണ്ണം 500 കോടി തികഞ്ഞത്.