കൊച്ചി-കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിന് അനുകൂലമായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉമാ തോമസ് എംഎല്‍എ. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമാ തോമസ്.
കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാന്‍ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസില്‍ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാല്‍ മാത്രമേ പ്രതികരിക്കുകയുള്ളു' ഉമാ തോമസ് പറഞ്ഞു.
ഒന്നര മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയത്. കേസില്‍ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.നടിയെ ആക്രിച്ച കേസില്‍ ദിലീപിന്റെ പേര് വന്നതില്‍ പ്രതികരണവുമായി ആര്‍ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്ത് വരുന്നത് ഇന്നലെയാണ്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാശങ്കയുണ്ടായിരുന്നു. ദീലിപിന്റെ ജീവിതത്തില്‍ വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.
'ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി'- ശ്രീലേഖ പറഞ്ഞു.