മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന 'മോഹൻലാൽ' സിനിമയുടെ റിലീസിന് സ്‌റ്റേ. തൃശൂർ നാലാം അഡീഷണൽ ജില്ല കോടതിയാണ് റിലീസ് തടഞ്ഞ് വിധി പുറപ്പെടുവിച്ചത്. കഥകൃത്ത് കലവൂർ രവികുമാറിന്റെ പരാതിയിലാണ് കോടതി നടപടി. തന്റെ കഥയായ 'മോഹൻലാലിനെ എനിക്ക് പേടിയാണ്' എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി. ആദ്യഘട്ടത്തിൽ സ്‌റ്റേ അനുവദിക്കാതിരുന്ന കോടതി വാദം കേട്ട ശേഷമാണ് സ്‌റ്റേ അനുവദിച്ചത്.
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹൻലാൽ' എന്ന ചിത്രം ഈ മാസം 14ന് തിയേറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചതായിരുന്നു. ചിത്രത്തിന്റെ റിലീസിന് വേണ്ടി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറക്കാർ പറഞ്ഞു.
ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സജിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ. കടുത്ത മോഹൻലാൽ ആരാധികയായ പെൺകുട്ടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഉദാഹരണം സുജാതയ്ക്ക് ശേഷം മഞ്ജു വാര്യരുടെ ചിത്രമാണിത്.
മഞ്ജുവും ദിലീപും ഓണത്തിന് ശേഷം വീണ്ടും ഒരേ സീസണിൽ തിയേറ്ററുകളിലെത്തുന്നുവെന്ന സവിശേഷത കൂടിയുണ്ട്.