ചിക്കാഗോയിലെ അക്രമം പരേഡിനിടെ, 24 പേര്‍ക്ക് പരിക്ക്
ഹൈലാന്‍ഡ് പാര്‍ക്ക്, ഇല്ലിനോയ്- ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഹൈലാന്‍ഡ് പാര്‍ക്കില്‍ ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനിടെ വെടിവെപ്പ്. കുറഞ്ഞത് ആറ് പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
വെള്ളയോ നീലയോ നിറത്തിലുള്ള ടിഷര്‍ട്ട് ധരിച്ച വെളുത്ത പുരുഷനാണ് അക്രമിയെന്ന് ഹൈലാന്‍ഡ് പാര്‍ക്ക് പോലീസ് കമാന്‍ഡര്‍ ക്രിസ് ഒ നീല്‍ പറഞ്ഞു. ഇയാളെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം അദ്ദേഹം അഭ്യര്‍ഥിച്ചു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത റൈഫിള്‍ ഉപയോഗിച്ച് തോക്കുധാരി ഒരു മേല്‍ക്കൂരയില്‍ നിന്ന് പരേഡില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ലേക് കൗണ്ടി മേജര്‍ ക്രൈം ടാസ്‌ക് ഫോഴ്‌സ് വക്താവ് ക്രിസ്റ്റഫര്‍ കോവെല്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് പോലീസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ കൈവശം ആയുധമുള്ളതിനാല്‍ അപകടകാരിയുമായി കണക്കാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതായും കോവെല്ലി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
രാവിലെ 10 മണിയോടെ സ്വാതന്ത്ര്യദിന പരേഡ് ആരംഭിച്ചെങ്കിലും 10 മിനിറ്റിനുശേഷം വെടിവെപ്പിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തിവച്ചു. പലരും രക്തമൊലിക്കുന്ന നിലയിലാണ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയത്. ദയവായി എല്ലാവരും പിരിഞ്ഞുപോകൂ. ഇവിടെ ഇരിക്കുന്നത് സുരക്ഷിതമല്ല -പോലീസ് മുന്നറിയിപ്പ് നല്‍കി
അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആദ്യം അറിയിച്ച ഹൈലാന്‍ഡ് പാര്‍ക്ക് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ കണക്കുകള്‍ വെളിപ്പെടുത്തു. വെടിയൊച്ച കേട്ടതിന് ശേഷം സണ്‍ടൈംസ് പത്രപ്രവര്‍ത്തകന്‍ പകര്‍ത്തിയ വീഡിയോയില്‍ ആളുകള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നതും അപ്പോഴും പരേഡില്‍ പങ്കെടുത്ത ഫ്‌ളോട്ടിലെ ഒരു ബാന്‍ഡ് പ്ലേ ചെയ്യുന്നതും കാണാം.