മുംബൈ- മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ബോളിവുഡ് താരം രവീണ ടണ്ഠൻ മലയാളത്തിൽ. രവീണയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അമല പോൾ എത്തുന്നു. മമ്മൂട്ടിയും അമല പോളും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മഞ്ജു വാര്യർക്ക് നിശ്ചയിച്ചിരുന്ന വേഷമാണ് അമല പോൾ അവതരിപ്പിക്കുന്നതെന്നാണ് വിവരം. സിദ്ദിഖ് ആണ് ചിത്രത്തിലെ മറ്റൊരു താരം. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂളിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി. ജൂലൈ 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന ഉദയകൃഷ്ണ ആണ്. ബി ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ടിന്റെ രചന നിർവഹിച്ചതും ഉദയകൃഷ്ണ ആയിരുന്നു.