ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങളിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പുതുക്കിയ നിരീക്ഷണ നടപടികളുടെ ഭാഗമായാണ് രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്ത്യയിലേക്കുള്ള ഓരോ വിമാനത്തിലേയും രണ്ടു ശതമാനം യാത്രക്കാരെ ആര്.ടി-പി.സി.ആര് വഴി റാന്‍ഡം സ്ക്രീനിംഗ് നടത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തണം.
110 രാജ്യങ്ങളില്‍ കേസുകള്‍ കൂടുന്നു - ലോകാരോഗ്യ സംഘടന
ജനീവ- കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി. കോവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎ4, ബിഎ.5 വകഭേദങ്ങള്‍ നിരവധി രാജ്യങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം ഉയര്‍ന്നു. ആഗോള തലത്തില്‍ കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാല്‍ ഒമിക്രോണ്‍ ട്രാക്ക് ചെയ്യാനും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,' ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ വീണ്ടും ഒരു ലക്ഷം കടന്നു, 39 മരണം
ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,819 പുതിയ കോവിഡ് കേസുകളും 39 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 130 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ വീണ്ടും പ്രതിദിന കേസുകള്‍ 18,000 കടന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,34,52,164 ആയി.
ആക്ടീവ് കേസുകള്‍ 122 ദിവസത്തിന് ശേഷം വീണ്ടും ഒരു ലക്ഷം കടന്നു.39 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 5,25,116 ആയി ഉയര്‍ന്നു,
മൊത്തം അണുബാധകയുടെ 0.24 ശതമാനമാണ് ആക്ടീവ് കേസുകള്‍- 1,04,555 . അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 98.55 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 4,953 ആക്ടീവ് കേസുകളാണ് വര്‍ധിച്ചത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.