Sorry, you need to enable JavaScript to visit this website.

ശിവസേനക്ക് തിരിച്ചടി, മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

 

മുംബൈ- മഹാരാഷ്ട്രയില്‍ ശിവസേനക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. നിയമസഭയില്‍ വിശ്വാസവോട്ട് തടയാനുള്ള ഹരജി തള്ളി. നാളെ ഉദ്ധവ് താക്കറെ വിശ്വാസവോട്ട് നേടണം.
വോട്ടെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ ശിവസേന സര്‍ക്കാര്‍ പരാജയപ്പെടും. ഗുവാഹതിയിലുള്ള എം.എല്‍.എമാര്‍ നാളെ രാവിലെയോടെ പ്രത്യേക വിമാനത്തില്‍ മുംബൈയിലേത്തിച്ചേരുമെന്നാണ് സൂചന.
അതേസമയം, എം.എല്‍.എമാരെ അയോഗ്യരാക്കിയത് സംബന്ധിച്ച് കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധി അനുസരിച്ച് മാത്രമേ വിശ്വാസവോട്ടിന്റെ ഫലം പ്രഖ്യാപിക്കുകയുള്ളു.

ഗവര്‍ണര്‍ ബി.എസ്.കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് നാളെ വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശിവസേന സമര്‍പ്പിച്ച ഹരജിയിലായിരുന്നു  വാദം.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡേക്കും വേണ്ടി ഹാജരായി.

ഷിന്‍ഡേ അടക്കം 16 സേന എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ ഷിന്‍ഡേ നല്‍കിയ ഹരജിയിലായിരുന്നു ഉത്തരവ്. ഈ ഹരജി ജൂലായ് 12 ന് കോടതി വാദം കേള്‍ക്കും.
കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ 16 എം.എല്‍.എമാരെ ജൂണ്‍ 21ന് തന്നെ അയോഗ്യരായി കണക്കാക്കും. അത്തരത്തിലുള്ള അയോഗ്യരാക്കപ്പെടുന്ന എം.എല്‍.എമാര്‍ എങ്ങനെ വ്യാഴാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുമെന്നു സിംഗ്‌വി വാദിച്ചു.

വിശ്വസ വോട്ടെടുപ്പിന് ഗവര്‍ണര്‍ അനാവശ്യ തിടുക്കം കാട്ടി. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തുകയോ ചര്‍ച്ച നടത്തുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ച് കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

 

 

 

Latest News