Sorry, you need to enable JavaScript to visit this website.

റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് മറാത്തി ഭാഷയില്‍ പുറത്തിറങ്ങി; അറബിയിലും വരുന്നു

ന്യൂദല്‍ഹി- ഗുജറാത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയില്‍ നടന്ന വംശഹത്യയുടെ ചാരം മൂടിയ യാഥാര്‍ഥ്യങ്ങള്‍ അതിസാഹസികമായും ഒളികാമറിയിലൂടെയും പുറം ലോകത്തെത്തിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം മറാത്തി ഭാഷയിലും ഇറങ്ങി. അറബിക്, ഫ്രഞ്ച് പതിപ്പുകളും ഉടന്‍ പുറത്തിറങ്ങുമെന്ന് റാണ അയ്യൂബ് ട്വറ്ററില്‍ അറിയിച്ചു. ഇതോടെ ഈ പുസത്കം 16 ഭാഷകളിലേക്കാണ് തര്‍ജമ ചെയ്യപ്പെട്ടിരിക്കുന്നുത്. 
'ഗുജറാത്ത് ഫയല്‍-മൂടിവെക്കപ്പെട്ട സത്യങ്ങള്‍' എന്ന പേരില്‍ മലയാളത്തില്‍ പ്രതീക്ഷാ ബുക്‌സാണ് പുറത്തിറക്കിയത്.


തെഹല്‍ക്ക മാഗസനില്‍ പ്രവര്‍ത്തിച്ചിരുന്ന റാണാ അയ്യൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ അധികരിച്ചു എഴുതിയ പുസ്തകമാണ് 'ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ്'. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു.
ഗുജറാത്തിലെ മുസ്ലിം വംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും  പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഇംഗ്‌ളീഷ് , ഹിന്ദി ഭാഷകളില്‍ ഓരോ ലക്ഷം വീതം കോപ്പികള്‍ പുറത്തിറക്കി രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് റാണ അയ്യൂബ് നേരത്തെ പറഞ്ഞിരുന്നു. 

മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തെ കുറിച്ച് സുദീപ് കെ.എസ് കഴിഞ്ഞ വര്‍ഷം എഴുതിയ നിരൂപണം വായിക്കാം. 

തെഹല്‍ക്ക ലേഖികയായിരുന്ന ശ്രീമതി റാണാ അയ്യൂബ് എഴുതിയ  Gujarat Files: Anatomy of a Cover Up എന്ന പുസ്തകത്തെപ്പറ്റിയാണ്. 'ഗുജറാത്ത് ഫയല്‍ : മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍' എന്ന പേരില്‍ പ്രതീക്ഷാ ബുക്സ് കോഴിക്കോട് ഇപ്പോള്‍ മലയാളത്തില്‍ ഈ പുസ്തകം മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു.
തെഹല്‍ക്കയിലെ തന്റെ പത്രാധിപര്‍ ഒരിക്കല്‍ തന്ന ഒരുപദേശത്തെപ്പറ്റി ശ്രീമതി റാണാ അയ്യൂബ് തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട് : 'റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവത്തിലും മനസ്സ് കുരുങ്ങിപ്പോവാതെ തീര്‍ത്തും നിസ്സംഗമായും പ്രായോഗിക ബുദ്ധിയോടെയും പ്രവര്‍ത്തിക്കുക എന്ന കല സ്വായത്തമാക്കുന്നവര്‍ക്കു മാത്രമേ നല്ല പത്രപ്രവര്‍ത്തകരാവാന്‍ കഴിയുകയുള്ളൂ എന്നതായിരുന്നു ആ ഉപദേശം. എന്നാല്‍, ഇന്നേ തിയ്യതി വരെ ആ കലയില്‍ പ്രാവീണ്യം നേടാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.' അതിനുള്ള അവരുടെ കാരണവും അവര്‍ വിശദീകരിക്കുന്നുണ്ട്, എന്നാല്‍ ആ കാരണമെന്തെന്നു വായിക്കും മുമ്പുതന്നെ ആ 'കല'യെ തള്ളിക്കളയുന്ന ഒരു പത്രപ്രവര്‍ത്തകയാണ് ഈ പുസ്തകമെഴുതിയത് എന്നത് പ്രധാനമാണ് എന്നെനിക്കു തോന്നി.
ഒരുപക്ഷേ, അവര്‍ ആ കലയില്‍ പ്രാവീണ്യമുള്ള ഒരാളായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പുസ്തകം തന്നെ ഉണ്ടാവില്ലായിരുന്നു എന്നു തോന്നുന്നു പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍. എന്തെന്നാല് അത്തരത്തിലുള്ള ചില കുരുങ്ങിപ്പോവലുകളാണ് ഈ പുസ്തകത്തിന്റെ ജീവന്‍. ഗ്രന്ഥകാരിയും തെഹല്‍ക്കയും ലോഭമില്ലാതെ ഉപയോഗിക്കുന്ന 'ഒളിക്യാമറ' പത്രപ്രവര്‍ത്തനത്തോട് വലിയ മമതയില്ലാത്ത ഒരാളായിരുന്നിട്ടും എന്റെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ ഈ പുസ്തകത്തിനു കഴിയുന്നത് അതുകൊണ്ടു തന്നെയാണ്. ഈ പുസ്തകത്തിന്റെ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റും ആ കലയിലെ പ്രാവീണ്യം മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണെന്നും പറയാം.
 

ശാഹിദ് ആസ്മിയും അമ്മയും : പുസ്തകത്തിനു കാരണക്കാരായവര്‍


ഗ്രന്ഥകാരിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ശാഹിദ് ആസ്മിയുടെ കൊലപാതകം അവര്‍ക്കുണ്ടാക്കിയ നഷ്ടബോധത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. അങ്ങനെ നോക്കിയാല്‍ ശാഹിദ് ആസ്മിയ്ക്കുള്ള ഒരു സമര്‍പ്പണമാണ് ഈ പുസ്തകം. അതിനു ശേഷമുള്ള അവരുടെ പത്രപ്രവര്‍ത്തന ജീവിതം തന്നെയും. 'ദേശദ്രോഹികള്‍' എന്നാരോപിക്കപ്പെട്ട് ഇന്ത്യയിലെ തടവറകളില്‍ കഴിഞ്ഞിരുന്ന അനേകം നിരപരാധികളുടെ 'രക്ഷകന്‍' ആയി കുറഞ്ഞ കാലത്തിനുള്ളില്‍ പേരെടുത്ത വക്കീലായിരുന്നു ശാഹിദ് ആസ്മി. അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ മരണാനന്തര പുരസ്‌കാരം റാണാ അയ്യൂബിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണെന്നു പറയാം. അതോടൊപ്പം തന്നെ 'ആഗ്രഹിച്ച വഴികള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടായപ്പോഴൊക്കെ തനിക്കു വേണ്ടി പൊരുതിയ' തന്റെ അമ്മയെയും അവര്‍ ഓര്‍ക്കുന്നു. അവരാണ് സൊഹ്റാബുദ്ദീനെക്കുറിച്ചുള്ള വാര്‍ത്ത ഗ്രന്ഥകാരിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതും അങ്ങനെ ഈ പുസ്തകത്തിലേക്കുള്ള അവരുടെ യാത്ര തുടങ്ങിവയ്ക്കുന്നതും.
പേടിപ്പിക്കുന്ന ജനക്കൂട്ടങ്ങള്‍
ഈ പുസ്തകത്തില്‍ ഇന്നത്തെ ഇന്ത്യയിലും എന്നെ ഏറ്റവുമധികം പേടിപ്പിക്കുത് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ തന്റെ അവതാരികയില്‍ സൂചിപ്പിക്കുന്ന ചാരക്യാമറ ദൃശ്യങ്ങളോ മൈക്രോഫോണോ നല്‍കുന്ന 'ഉള്‍ക്കാഴ്ച'കളല്ല. മറിച്ച്, ഗ്രന്ഥകാരി സൂചിപ്പിക്കുന്ന ചില പൊതു പരിപാടികളിലെ ജനക്കൂട്ട പ്രതികരണങ്ങളാണ്. ഉദാഹരണത്തിന്, ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ശ്രീ. നരേന്ദ്ര മോദി 'സൊഹ്റാബുദ്ദീനെപ്പോലൊരു ഭീകരവാദി'യെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു ചോദിക്കുമ്പോള്‍ 'അവനെ കൊല്ലുക' എന്നാര്‍ക്കുന്ന ആള്‍ക്കൂട്ടം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം.
ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യബോധവും മറ്റു വെല്ലുവിളികളും
തെഹല്‍കയുടെ റിപ്പോര്‍ട്ടര്‍ ആയി ഉദ്യോഗസ്ഥരെ സമീപിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട് 'കര്‍ത്തവ്യബോധത്തോടെ ജോലി ചെയ്യുന്ന ഓഫീസര്‍മാര്‍ സര്‍ക്കാരിന്റെ കോപത്തിനിരയായ ഗുജറാത്ത് പോലൊരു സംസ്ഥാനത്ത്' ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നവര്‍ പറയുന്നു. എന്നാല്‍ ഇതിനോട് മുഴുവനായി യോജിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. ഗുജറാത്തില്‍ അക്കാലത്തെ വംശഹത്യയില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ പങ്കാളികളായ പോലീസുകാരില്‍ ചിലരെപ്പറ്റി മാത്രമേ കര്‍ത്തവ്യബോധമില്ലാത്തവര്‍ എന്നോ സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി കര്‍ത്തവ്യബോധത്തെ പണയപ്പെടുത്തിയവര്‍ എന്നോ പറയാന്‍ പറ്റൂ എന്നു തോന്നുന്നു. ചിലരെങ്കിലും ഈ വംശശുദ്ധീകരണം ഒരു യഥാര്‍ത്ഥ ഭാരതീയന്‍ എ നിലയിലും ഒരു നല്ല പോലീസുകാരന്‍ എന്ന നിലയിലും തന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണ് എന്നുതന്നെ കരുതുന്നവരുണ്ടാവും.
'തെഹല്‍ക'യുടെ റിപ്പോര്‍ട്ട'ര്‍ ആയതുകൊണ്ട് 'ഏതുസമയവും സ്റ്റിങ് ക്യാമറയുമായി നടക്കുന്നവ'ളാണെന്ന ധാരണയും അക്കാലത്ത് പ്രബലമായിരുന്നു, അതും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്നതില്‍ ഒരു വെല്ലുവിളിയായിരുന്നു ഗ്രന്ഥകാരിക്ക്.
അതേസമയം, നിര്‍ഭയമായി പ്രവര്‍ത്തിച്ചാല്‍ ക്രൂശിക്കുന്നത് ഗുജറാത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പലയിടത്തും ഒരു പതിവായി മാറിയിരുന്നതുകൊണ്ട് ചില ഓഫീസര്‍മാര്‍ അക്കാരണത്താല്‍ത്തന്നെ വിവരങ്ങള്‍ നല്‍കി സഹകരിച്ചു എന്നും അവര്‍ പറയുന്നു.
രൂപപ്പകര്‍ച്ച
വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഗുജറാത്ത് വംശഹത്യാ കാലത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരു അമിത് ഷായും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ് വിളികളുടെ വിശദാംശങ്ങളും ചില രഹസ്യ രേഖകളും തെഹല്‍ക്കയിലൂടെ ലേഖിക പുറത്തുവിട്ടതും അങ്ങനെ അമിത് ഷാ അറസ്റ്റിലായതുമായ സംഭവങ്ങള്‍ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനുശേഷം ബി ജെ പിയുടെ നോട്ടപ്പുള്ളിയായി മാറിയ ലേഖിക പിന്നീട് അമേരിക്കയില്‍ പഠിക്കുന്ന കാണ്പുരുകാരിയായ 'മൈഥിലി' എന്ന സിനിമാസംവിധായികയുടെ വേഷത്തിലാണ് പിന്നീടുള്ള തന്റെ അന്വേഷണങ്ങള്‍ നടത്തിയത്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി ആ ദൗത്യത്തില്‍ അവരുടെ സഹായിയായി വര്‍ത്തിക്കുകയും ചെയ്തു.
'ആ കൂട്ടക്കുരുതിയെ സംബന്ധിച്ച മുഴുവന്‍ സത്യവും അറിയാമായിരുന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും പുറത്തുപറയാതെ, ആ സംഭവം തങ്ങളുടെ തൊഴിലിന്റെ ഭാഗമേ ആയിരുന്നില്ലെന്ന മട്ടില്‍' ജീവിക്കുകയായിരുന്ന ഓഫീസര്‍മാരില്‍ നിന്ന് സത്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ അങ്ങനെ ഒരു മാര്‍ഗ്ഗമേ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഗ്രന്ഥകാരി പറയുന്നത്. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഈ രീതിയുടെ നൈതികതയില്‍ എനിക്കത്ര വിശ്വാസമില്ല എന്നു പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാവും. ഒരു വിധി പറയാന്‍ ഞാനാളല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു.


കൂടിക്കാഴ്ചകള്‍, കുറ്റബോധങ്ങള്‍, സത്യങ്ങള്‍


ഗുജറാത്തിലെ സിനിമാതാരങ്ങളിലൂടെ തുടങ്ങി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരിലേക്കും മായാ കോഡ്നാനി പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരിലേക്കും എല്ലാം നീണ്ട മൈഥിലിയുടെ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ബാക്കിയുള്ള ഭാഗം. ചില സംഭാഷണങ്ങള്‍ ഏതാണ്ട് പൂര്ണരൂപത്തില്‍ത്തന്നെ പുസ്തകത്തില്‍ പങ്കുവയ്ക്കപ്പെടുന്നു. ഓരോരുത്തരുടെയും മനസ്സിലെ ദുര്‍ബലമായ ഭാഗങ്ങള്‍ കണ്ടെത്തി അതിനെ മുതലെടുത്തുകൊണ്ടുള്ള ഈ അന്വേഷണങ്ങള്‍ ഇടയ്ക്കെങ്കിലും ഗ്രന്ഥകാരിയെത്തന്നെ കുറ്റബോധത്തിലാഴ്ത്തിയിരുന്നതായി അവര്‍ ഏറ്റുപറയുന്നുണ്ട്. വിശേഷിച്ചും ഈ സംഭാഷണങ്ങളുടെ 'ഇര'കള്‍ ലേഖികയുമായി സൗഹൃദവും വളര്‍ത്താന്‍ ശ്രമിക്കു സമയങ്ങളില്‍. അമ്മയെ ഫോണ് വിളിച്ചാണ് അവര്‍ അത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്ന് മുക്തി തേടിയിരുത് എന്നവര്‍ പറയുന്നുണ്ട്.
'എളുപ്പത്തില്‍ വഴങ്ങുന്ന ഉദ്യോഗസ്ഥരെ, മിക്കവാറും എല്ലായ്പോഴും ദലിത്പിന്നോക്ക ജാതികളില്‍പ്പെട്ട ഉദോഗസ്ഥരെ, ആണ് അന്നത്തെ സംസ്ഥാനഭരണകൂടം ഏറ്റവുമധികം ഉപയോഗിച്ചത് എന്ന് ലേഖിക നിരീക്ഷിക്കുന്നു. 'ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്നതിനെപ്പറ്റി ജി എല്‍ സിംഗാള്‍ ലേഖികയുമായുള്ള സംഭാഷണത്തില്‍ പരാതിപ്പെടുന്നുണ്ട്. നാല് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ പങ്കിന്റെ പേരില്‍ ജയിലില്‍പ്പോയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ഡി ജി വന്‍സാരെ ആകട്ടെ, ഇക്കാര്യം ഗുജറാത്ത് സര്‍ക്കാരിനെഴുതിയ ഒരു കത്തില്‍ പരാതിയായിത്തന്നെ ഉന്നയിച്ചിട്ടുണ്ട് എന്നും പുസ്തകത്തില്‍ പറയുന്നു.
രാജന്‍ പ്രിയദര്‍ശി എന്ന മറ്റൊരുദ്യോഗസ്ഥന്റെ കഥ ഗുജറാത്തിലെ ജാതീയതയുടെ തീക്ഷ്ണതയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ആ ഐ പി എസ് ഓഫീസര്‍ ഉന്നതനായ പോലീസ് ഓഫീസറായിട്ടും തന്റെ ഗ്രാമത്തില്‍ തൊട്ടുകൂടാത്തവനായിരുന്നു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പിന്നോക്കവിഭാഗത്തില്‍ നിന്നുതന്നെയുള്ള ഗുജറാത്തിലെ പ്രശസ്തയായ വനിതാ പോലീസ് ഓഫീസര്‍ ഉഷാ റാഡയും ഗ്രന്ഥകാരിയുമായുള്ള സംഭാഷണങ്ങളിലൂടെ ഈ പുസ്തകത്തില്‍ കടുവരുന്നുണ്ട്. ഗ്രന്ഥകാരി ഏറ്റവുമധികം പേടിച്ചത് അവരുമായുള്ള ഇടപെടലുകള്‍ക്കിടയിലായിരുന്നു. 'തെഹല്‍ക്ക' എന്ന 'തെമ്മാടിക്കൂട്ട'ത്തെപ്പറ്റിയുള്ള ഉഷാ റാഡയുടെ കമന്റുകളും അതിനു കാരണമാവുന്നുണ്ട്. എന്നാല്‍ ആ പോലീസ് ഉദ്യോഗസ്ഥയും മൈഥിലിയെ സംശയിച്ചതേ ഇല്ല എന്നതാണ് സത്യം.
അശോക് നാരായ, ജി സി റായ്ഗര്‍, പി സി പാണ്ഡെ, ചക്രവര്‍ത്തി, മായാ കോഡ്നാനി എന്നിവരുമായെല്ലാം നടത്തിയ സംഭാഷണങ്ങള്‍ പുസ്തകത്തിലെ ബാക്കിയുള്ള പ്രധാന അധ്യായങ്ങളാണ്. ഇതില്‍ അശോക് നാരായണന്റെ കുടുംബം മൈഥിലിയുമായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
സംഭാഷണങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. അതെല്ലാം ഒരു സിനിമയെന്ന പോലെ വായിക്കാവുന്ന തരത്തില്‍ 'ആക്ഷന്‍' നിറഞ്ഞതും അതേസമയം പേടിപ്പിക്കുന്നതുമാണ്.


ആന്റി ക്ളൈമാക്സ്


എന്നാല്‍ 'വിധി വൈപരീത്യം' എന്നൊക്കെ പറയാവുന്നതുപോലെ, ഈ സംഭാഷണങ്ങളൊന്നും പുറത്തുവിടേണ്ടതില്ല എന്നാണ് ഒടുവില്‍ തെഹല്‍ക്ക എഡിറ്റര്‍മാരായ തരുണ് തേജ്പാലും ഷോമ ചൗധരിയും തീരുമാനിച്ചത്. നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യനാവാന്‍ പോവുകയാണ് എന്ന 'തിരിച്ചറിവാ'ണ് അതിനുള്ള കാരണമായി അവര്‍ പറഞ്ഞത്. ഈ പുസ്തകം പുറത്തിറങ്ങുന്നതുവരെ സാഹസികമായ ആ രഹസ്യാന്വേഷണം രഹസ്യമായിത്തന്നെ തുടരുകയും ചെയ്തു. സ്വന്തം നിലയ്ക്ക് അവര്‍ ഈ പുസ്തകം പുറത്തിറക്കുന്നത് 2016ലാണ്. ചരിത്രപരമായ ഒരു ദൗത്യം തന്നെയാണ് ഈ പുസ്തകം നിര്‍വ്വഹിക്കുന്നത്, അതിന്റെ മലയാള പരിഭാഷയും. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത അബൂബക്കര്‍ കാപ്പാടും പ്രതീക്ഷാ ബുക്സും ആ ദൗത്യത്തില്‍ പങ്കാളികളാവുന്നു.
റാണാ അയ്യൂബ് എഴുതിയ 'ഗുജറാത്ത് ഫയല്‍ : മൂടിവയ്ക്കപ്പെ' സത്യങ്ങള്‍' എ പുസ്തകത്തിന്റെ ഒരു നിരൂപണം / ആസ്വാദനം. മാര്‍ച്ച് ഏപ്രില്‍ ലക്കം 'ജനപക്ഷം' ദ്വൈമാസികയില്‍ പ്രസിദ്ധീകരിച്ചതാണ്.


 

Latest News