Sorry, you need to enable JavaScript to visit this website.

വിശ്വാസ വോട്ടിനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ശിവസേന സുപ്രീം കോടതിയില്‍

മുംബൈ- ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ വിശ്വാസം തെളിയിക്കണമെന്ന മഹാരാഷ്ട്ര ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു സുപ്രീം കോടതിയെ സമീപിച്ചു. ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് സുപ്രീം കോടതിയുടെ വെക്കേഷന്‍ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ എ.എം.സിംഗ് വി ആവശ്യമുന്നയിച്ചു. 16 എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശം നിയമവിരുദ്ധമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

വിശ്വാസ വോട്ട് തേടുന്നതിനായി നാളെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിയമസഭ സെക്രട്ടറിക്ക് കത്തു നല്‍കി.  നാളെ രാവിലെ 11 മണിയ്ക്ക് നിയമസഭ ചേരാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വിശ്വാസവോട്ടെടുപ്പ് മാത്രമാകും നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ അജണ്ട.  വൈകീട്ട് അഞ്ചുമണിയ്ക്കകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭയില്‍ കര്‍ശന സുരക്ഷാ നടപടികല്‍ ഒരുക്കണം. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസ വോട്ടെടുപ്പ് സംപ്രേഷണം ചെയ്യാനും ഗവര്‍ണര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗുവാഹതിയിലുള്ള വിമത എംഎല്‍എമാര്‍ നാളെ മുംബൈയിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെയുടേ നേതൃത്വത്തില്‍ 39 ശിവസേന എംഎല്‍എമാരും ഏഴ് സ്വതന്ത്രരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 
 

 

Latest News