വാഷിംഗ്ടണ്‍- വലിയ കമ്പനി മുന്നോട്ടു കൊണ്ടുപോകാന്‍ അറിയാത്ത ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യവുമായി നിക്ഷേപക ഗ്രൂപ്പ്. യു.എസ് പ്രതിനിധി സഭയുടെ എനര്‍ജി-കൊമേഴ്‌സ് കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ സക്കര്‍ബര്‍ഗ് തീരുമാനിച്ചതിനു പിന്നെലെയാണ് നിക്ഷേപക സമ്മര്‍ദ ഗ്രൂപ്പായ ഓപ്പണ്‍ എം.ഐ.സി സി.ഇ.ഒ മൈക്കിള്‍ കോണര്‍ ഈ ആവശ്യം ഉന്നയിച്ചത്.
വലിയ ആഗോള കമ്പനിയെ എങ്ങനെ നടത്തണമെന്നതു സംബന്ധിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഒരു ധാരണയുമില്ലെന്നാണ് കമ്മിറ്റി മുമ്പാകെ മൊഴി നല്‍കാനുള്ള നീക്കം തെളിയിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ഇപ്പോള്‍ അദ്ദേഹം രണ്ട് പദാവികള്‍ വഹിക്കുന്നുണ്ട്-സി.ഇ.ഒയും ചെയര്‍മാനും. ഈ പദവികള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ ഇതില്‍നിന്ന് ഒന്നെങ്കിലും ഒഴിവാക്കണമെന്ന് മൈക്കിള്‍ കോണര്‍ ആവശ്യപ്പെട്ടു.
സക്കര്‍ബര്‍ഗ് രാജിവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പുറത്താക്കണമെന്നും കമ്പനിയുടെ സി.ഇ.ഒ, ചെയര്‍മാന്‍ ജോലികള്‍ വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
ഓപ്പണ്‍ എം.ഐ.സിക്ക് ഫേസ്ബുക്ക് ഓഹരികള്‍ ഇല്ലെങ്കില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഉത്തരവാദിത്തം ആവശ്യപ്പെടുന്നതിന് ഫേസ്ബുക്ക് നിക്ഷേപകരെ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ചരിത്രം.
ഫേസ്ബുക്കിന്റെ ബോര്‍ഡ് ഘടനയില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായി വരുന്നതിനിടെയാണ് സമ്മര്‍ദവുമായി ഓപ്പണ്‍ എം.ഐ.സിയും രംഗത്തുവന്നിരിക്കുന്നു. ഇതോടൊപ്പം ഉപയോക്താക്കള്‍ക്കിടയില്‍ ഡിലീറ്റ് ഫേസ്ബുക്ക് കാമ്പയിനും സ്വാധീനം നേടിവരികയാണ്.
ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക് ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചത് വാര്‍ത്താ പ്രാധാന്യം നേടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവദത്തെ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെ ആഗോള വ്യാപകമായി കാമ്പയിന്‍ തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു പണമുണ്ടാക്കുന്നതിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതെന്ന് സ്റ്റീവ് യു.എസ.്എ ടുഡേയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
ഉപയോക്താക്കള്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഈ വ്യക്തിവിവരങ്ങള്‍ കൈമാറി ഫേസ്ബുക്ക് പരസ്യവരുമാനം ഉണ്ടാക്കുകയാണ്. ഉപയോക്താക്കള്‍ക്കു യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിന് ഉപയോക്താക്കള്‍ ഇപ്പോള്‍ വിറ്റഴിക്കുന്ന ഉല്‍പന്നമാണ്. ആപ്പിള്‍ മികച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് പണമുണ്ടാകുന്നതെന്നും അല്ലാതെ നിങ്ങളെ വിറ്റഴിച്ചല്ലെന്നും സ്റ്റീവ് പറഞ്ഞു.
അമേരിക്കയില്‍ ഏഴു കോടിയും യു.കെയില്‍ 10 ലക്ഷവും ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഡാറ്റാ ചോര്‍ച്ച അന്വേഷിക്കുന്ന കമ്മീഷനു മുന്നില്‍ എത്തുന്നതിനായുള്ള തയാറെടുപ്പിലാണ് ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.