കൊച്ചി- അമ്മ ജനറല്‍ ബോഡി യോഗത്തിനിടെ 64 ാം പിറന്നാള്‍ ആഘോഷിച്ച് നടന്‍ സുരേഷ് ഗോപി. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍നിന്ന് ഇടവേള എടുത്ത ശേഷം വീണ്ടും കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് താരം. അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020 ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.
സുരേഷ് ഗോപിയുടെ കരിയറിലെ 254 ാമത് ചിത്രമായ ഹൈവേ 2 ഇന്നലെ സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ചിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ്.