അഹമ്മദാബാദ്- സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ സെക്രട്ടറിയായ തീസ്ത സെതല്‍വാദിന്റെ ഇടപെടലുകളാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് കോടതികളെയും അന്വേഷണ കമ്മിഷനുകളെയും സമീപിക്കാന്‍ ധൈര്യം നല്‍കിയത്. ഇപ്പോള്‍, തീസ്തയെ പ്രതിയാക്കാന്‍ ഗുജറാത്ത് പോലീസിന് പ്രേരണ നല്‍കിയതാകട്ടെ, വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധിയും. ഈ വിധിക്കാധാരമായ പരാതി നല്‍കിയവരില്‍ ഒരാളും തീസ്തതന്നെ.
കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയയും തീസ്തയും ചേര്‍ന്നാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ളവര്‍ക്ക് കഌന്‍ചിറ്റ് നല്‍കിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍, റിപ്പോര്‍ട്ട് ശരിവെച്ച സുപ്രീംകോടതി ബെഞ്ച് തീസ്തയ്ക്കും ഒപ്പമുള്ളവര്‍ക്കുമെതിരേ പരാമര്‍ശങ്ങള്‍ നടത്തി.
'സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമനടപടി എടുക്കണമെന്ന വിധിയിലെ നിര്‍ദേശം െ്രെകംബ്രാഞ്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസംതൃപ്തരായ ഒരുസംഘം ഉദ്യോഗസ്ഥര്‍ 'സെന്‍സേഷന്‍' സൃഷ്ടിക്കാന്‍ ചിലരുമായി കൂട്ടുചേര്‍ന്ന് തെറ്റെന്ന് തങ്ങള്‍ക്ക് ബോധ്യമുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് വ്യക്തമാണ്. അവരുടെ കളി എസ്.ഐ.ടി. കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ആത്മാര്‍ഥത ചോദ്യംചെയ്തുകൊണ്ട് കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ രഹസ്യലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ചു' സുപ്രീംകോടതിയുടെ വിധിയുടെ ഭാഗങ്ങള്‍ പോലീസ് ഉദ്ധരിക്കുന്നു.
സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതികളില്‍ 68 ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. 172 പ്രതികളില്‍ 120 പേര്‍ ശിക്ഷിക്കപ്പെട്ടു. ഇരകള്‍ക്ക് ആവശ്യമായ നിയമസഹായം തുടക്കംമുതലേ ഇവര്‍ നല്‍കിയിരുന്നത് പരസ്യമായ കാര്യമാണ്. പ്രത്യേകസംഘത്തെ സുപ്രീംകോടതി നിയോഗിക്കാന്‍ കാരണം ദേശീയ മനുഷ്യാവകാശകമ്മിഷന്റെ റിപ്പോര്‍ട്ടാണ്. എന്നാല്‍, കമ്മിഷനുമുന്നില്‍ കലാപത്തിലെ ഇരകളെ അണിനിരത്താന്‍ പ്രവര്‍ത്തിച്ചത് തീസ്തയുടേതടക്കമുള്ള എന്‍.ജി.ഒ.കളായിരുന്നു.
തീസ്തക്കെതിരേ ഗുജറാത്ത് പോലീസിന്റെ ആദ്യ കേസല്ല ഇത്. കലാപബാധിതരെ സഹായിക്കാനായി പിരിച്ച ഏഴുകോടിയോളം രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന് തീസ്തയുടെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയുംപേരില്‍ കേസുണ്ട്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സ്മാരകം പണിയാനായി പിരിച്ച പണം സ്വന്തമാക്കിയെന്നാണ് മറ്റൊരു കേസ്. വിദേശഫണ്ട് വകമാറ്റിയെന്ന് ആരോപിച്ചും കേസുണ്ട്. കോടതികളുടെ വിലക്കുകാരണം ഇതിലൊന്നും അറസ്റ്റുചെയ്യാനോ ജയിലലടയ്ക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അറസ്റ്റിന് സുപ്രീംകോടതിയുടെ വിധിതന്നെ വഴിവെട്ടി.