കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇതുവരെ കൈകാര്യം ചെയ്തത് 7.37 കോടി യാത്രക്കാരെ. പ്രവർത്തനം തുടങ്ങി 19 സാമ്പത്തിക വർഷങ്ങൾ പിന്നിടുമ്പോൾ പ്രതിവർഷം ഒരു കോടിയിലധികം പേർ യാത്ര ചെയ്യുന്ന, കേരളത്തിലെ ഏക വിമാനത്താവളമെന്ന നേട്ടത്തിലേക്ക് സിയാൽ ഉയർന്നു. 1999 ജൂൺ പത്തിനാണ് സിയാലിൽ ആദ്യ വിമാനമിറങ്ങിയത്. ആദ്യ സാമ്പത്തിക വർഷത്തിൽ (2000 മാർച്ച് വരെ) 4.95 ലക്ഷം പേർ സിയാൽ വഴി യാത്ര ചെയ്തു. വിമാനങ്ങളുടെ മൊത്തം ടേക് ഓഫ് ലാൻഡിങ് എണ്ണം 6473 ആയിരുന്നു. ആദ്യത്തെ പൂർണ സാമ്പത്തിക വർഷമായ 2001-02 ൽ
യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയർന്നു. ഇതിൽ 4.57 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരായിരുന്നു. 2002-03 ൽ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു.
2006-07 ആകുമ്പോഴേക്ക് പ്രതിവർഷം കാൽക്കോടി യാത്രക്കാരുമായി സിയാൽ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറി. ആദ്യ സാമ്പത്തിക വർഷം ഒഴികെ, തുടർന്നുള്ള എല്ലാ വർഷങ്ങളിലും രാജ്യാന്തര യാത്രക്കാരായിരുന്നു മുന്നിൽ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ നാലാം സ്ഥാനവും സിയാലിന് നേടാനായി. മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാൻ ഏഴ് പൂർണ സാമ്പത്തിക വർഷവും ഒരു അർധ സാമ്പത്തിക വർഷവും വേണ്ടിവന്നു. പിന്നീട് മൂന്ന് വർഷങ്ങൾ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാർ എന്ന നേട്ടത്തിലെത്തി. 2006-07 മുതൽ 2009-10 വരെ 1.64 കോടി യാത്രക്കാരായിരുന്നു സിയാൽ വഴി പറന്നത്. തുടർന്ന് ഒരു കോടി പിന്നിടാൻ രണ്ടര സാമ്പത്തിക വർഷം മതിയായി. 2013-14 ൽ ഒരു
സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. തുടർന്നുള്ള രണ്ടു ഘട്ടങ്ങളിൽ ഒന്നര വർഷം കൊണ്ടാണ് ഒരു കോടി യാത്രക്കാർ സിയാലിലെത്തിയത്. 2013-14 ൽ 64.12 ലക്ഷം പേരും 2014-15 ൽ 77.57 ലക്ഷം പേരും 2016-17 ൽ 89.41 ലക്ഷം പേരും സിയാൽ വഴി യാത്ര ചെയ്തു. 2017-18 മാർച്ച് 28 ന് ആ സാമ്പത്തിക വർഷം മാത്രം സിയാൽ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം ഒരു കോടി തികഞ്ഞു.
ഒരു കോടി തൊട്ട യാത്രക്കാരന് സിയാൽ ഗംഭീര വരവേൽപ് ഒരുക്കി. പാലക്കാട് സ്വദേശി അനിൽ കൃഷ്ണനായിരുന്നു 2017-18 ലെ ഒന്നാം കോടി യാത്രക്കാരൻ. അനിലിന് സിയാലിന്റെ ഉപഹാരമായി ഒരു പവൻ സ്വർണം മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സമ്മാനിച്ചു. 2017-18 ൽ മാത്രം സിയാൽ വഴി യാത്ര ചെയ്തത് 1.01 കോടി യാത്രക്കാരാണ്. ഇതിൽ 52.35 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരാണ്. 48.89 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും. 1999-2000 മുതൽ
2017-18 വരെ യാത്രക്കാരുടെ എണ്ണത്തിൽ ഏറെക്കുറെ സ്ഥിരതയാർന്ന വളർച്ചയാണ് സിയാലിൽ രേഖപ്പെടുത്തിയത്. മൊത്തം യാത്ര ചെയ്ത 7,37,25,036 പേരിൽ 4,17,80,106 പേർ രാജ്യാന്തര യാത്രക്കാരാണ്. 3,19,44,930 പേർ ആഭ്യന്തര യാത്രക്കാരും. ഇതുവരെ 6,65,178 തവണ വിമാനങ്ങൾ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ സിയാൽ വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര യാത്രക്കാർക്ക് രാജ്യാന്തര വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ ലഭ്യമാക്കാൻ സിയാൽ ബദ്ധശ്രദ്ധരാണെന്ന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ഭാവി മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങൾ സിയാൽ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ആഭ്യന്തര ടെർമിനൽ, വിശ്രമ കേന്ദ്രങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമ്പോഴും യാത്രക്കാരിൽ നിന്ന് വിമാനത്താവള വികസന ചാർജ് ഈടാക്കാതെ നോക്കാനും സിയാൽ ശ്രദ്ധിക്കുന്നു. അതോടൊപ്പം രാജ്യത്തെ ഏറ്റവും കുറഞ്ഞ പാർക്കിങ്, ലാൻഡിങ് ഫീയാണ് സിയാൽ വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഉൾക്കൊള്ളാൻ സിയാൽ സജ്ജമാണ് -കുര്യൻ കൂട്ടിച്ചേർത്തു.