ന്യൂദല്‍ഹി- ജി.എസ്.ടി നിലവില്‍ വരുന്നതിന് മുമ്പ് തന്റെ റെയില്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്ത വകയില്‍ 35 രൂപ നികുതിയായി ഈടാക്കിയതിനെതിരെ സുജിത്ത് സ്വാമിയുടെ നീണ്ട അഞ്ച് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് 35 രൂപ ഇന്ത്യന്‍ റെയില്‍വേ അദ്ദേഹത്തിന് തിരികെ നല്‍കിയിരിക്കുന്നത്. 50 വിവരാവകാശ അപേക്ഷകളും നാല് സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കുള്ള ഒരു പിടി കത്തുകളുമായിരുന്നു സുജിത്ത് സ്വാമിയുടെ ആയുധം. തന്റെ പണം തിരികെ ലഭിച്ചതിനൊപ്പം തന്നെ അര്‍ഹതപ്പെട്ട മൂന്ന് ലക്ഷം ആളുകള്‍ക്ക് കൂടി റെയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ പണം ലഭിച്ചെന്ന് സ്വാമി വ്യക്തമാക്കി.
2.98 ലക്ഷം ഐ.ആര്‍.സി.ടി.സി ഉപയോക്താക്കള്‍ക്കാണ് റെയില്‍വേ പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടത്. 2.43 കോടി രൂപയോളം വരും ഇത്. റയില്‍വേയില്‍നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്‍ജിനീയറായി ജോലി ചെയ്യുന്ന ആളാണ് 30 വയസ്സുകാരനായ സുജിത്ത് സ്വാമി. 50 ആര്‍.ടി.ഐ അപേക്ഷകളും നിരവധി കത്തുകളുമാണ് നാല് സര്‍ക്കാര്‍ ഡിപ്പാര്‍മെന്റുകളിലായി 35 രൂപ തിരികെ ലഭിക്കാന്‍ ഇദ്ദേഹം നല്‍കിയത്. ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഈടാക്കിയ സര്‍വീസ് ടാക്സായിരുന്നു ഈ 35 രൂപ. ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പായിരുന്നു ഇത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ അഥവാ, ഐ.ആര്‍.സി.ടി.സി നല്‍കിയ വിവരാവകാശ മറുപടിയില്‍ 2.98 ലക്ഷം ആളുകള്‍ക്ക് ഇതേ തരത്തില്‍ ഈടാക്കിയ നികുതിത്തുകയായ 35 രൂപ തിരികെ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 2.43 കോടി രൂപയാണ് ഈ ഇനത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്- സുജിത്ത് സ്വാമി പറഞ്ഞു.
2017 ഏപ്രിലിലാണ് സ്വാമി ദല്‍ഹിയിലേക്ക് 765 രൂപയുടെ ടിക്കറ്റ് എടുത്തത്. ജൂലൈ രണ്ടിന് ആയിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമായിരുന്നു ഇത്. അതായത്, ജി.എസ്.ടിക്ക് മുന്‍പ് തന്നെ സ്വാമി ടിക്കറ്റ് കാന്‍സല്‍ ചെയ്തു. പക്ഷേ, 665 രൂപയായിരുന്നു ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്. കാന്‍സല്‍ ചെയ്യുമ്പോള്‍ ഈടാക്കേണ്ട 65 രൂപ്ക്ക് പകരം 100 രൂപ ഇദ്ദേഹത്തിന് നഷ്ടമായി. 35 രൂപ സര്‍വീസ് നികുതി ഇനത്തില്‍ ഈടാക്കി എന്നായിരുന്നു ഇതിനുള്ള വിശദീകരണം.