ന്യൂദല്‍ഹി- അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് അധികാരം നിലനിര്‍ത്തുക മാത്രമല്ല, 1985ന് ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയുമായി.
എന്നാല്‍, വിജയത്തിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ബി.ജെ.പിക്കെതിരെ ഉയര്‍ന്നത്. അതിലൊന്നാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇലക് ഷന്‍ കമ്മീഷന്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ലഭിച്ചുവെന്ന വാദത്തിനു തെളിവായി വിവാരവകാശ കമ്മീഷനില്‍നിന്ന് ലഭിച്ച മറുപടി ട്വീറ്റ് ചെയ്തിരിക്കയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് സാകേത് ഗോഖലെ.
ഫെബ്രുവരി 9, 14 തീയതികളില്‍ സംപ്രേഷണം ചെയ്ത പ്രധാനമന്ത്രി മോഡിയുടെയും യോഗി ആദിത്യനാഥിന്റെയും അഭിമുഖങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. എ.എന്‍.ഐ ആണ് അഭമുഖങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നത്.
ഫെബ്രുവരി 10 ന് ആരംഭിച്ച് മാര്‍ച്ച് ഏഴുവരെ നീണ്ട യു.പി തെരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനിച്ച ഫെബ്രുവരി ഒമ്പതിനും ഫെബ്രുവരി 14 പോളിംഗ് ദിനത്തിലും അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തനാണ് വിവരാവകാശ നിയമ പ്രകാരം ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മറുപടി തേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കമ്മീഷന്‍ മറുപടി നല്‍കിയിരിക്കുന്നത്.
നേരത്തെ ഒരു നടപടിയും സ്വീകരിക്കാതിരുന്ന കമ്മീഷന്‍ ഇപ്പോള്‍ അഭിമുഖത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സമ്മതിച്ചിരിക്കയാണെന്ന് തൃണമൂല്‍ നേതാവ് ട്വീറ്റ് ചെയ്തു.
വിവരാവകാശ നിയമപ്രകാരം നല്‍കിയിരിക്കുന്ന മറുപടിയില്‍ കാണിച്ചിരിക്കുന്ന തീയതി മാര്‍ച്ച് 15 ആണെന്നും പക്ഷേ തനിക്ക് പകര്‍പ്പ് അയച്ചത് ജൂണ്‍ 24 നു മാത്രമാണെന്നും അദ്ദേഹം പറയന്നു. വിഷയം സുരക്ഷിതമായി കുഴിച്ചുമൂടാനായിരിക്കാം ഇത്രയും കാലതാമസമെടുത്തതെന്നും അദ്ദേഹം കരുതുന്നു.