Sorry, you need to enable JavaScript to visit this website.

ആറു മാസം നടന്നു ദിഗ്വിവിജയ സിങ് താണ്ടിയത് 3,300 കിലോമീറ്റര്‍; നര്‍മദ യാത്ര സമാപിച്ചു

ഭോപാല്‍- സജീവ രാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്ത്  നര്‍മദ നദീ തീരത്തിലൂടെ മുവ്വായിരത്തിലേറെ കിലോമീറ്റര്‍ കാല്‍ നടയായി താണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് തന്റെ നര്‍മദ യാത്ര പൂര്‍ത്തിയാക്കി. 70-കാരനായ സിങ് ഭാര്യ അമൃത, മുന്‍ എംപിമാരായ രാമേശ്വര്‍ നീഖ്റ, നാരായണ്‍ സിങ് അംലാബെ എന്നിവര്‍ക്കും മറ്റു അനുയായികള്‍ക്കുമൊപ്പം നര്‍സിംഘ്പൂര്‍ ജില്ലയിലാണ് യാത്ര പുര്‍ത്തിയാക്കിയത്. 3,300 കിലോമീറ്റര്‍ കാല്‍നടയായി താണ്ടി ഇന്നു രാവിലെ നര്‍മദ നദിയുടെ ബര്‍മന്‍ തീരത്താണ് യാത്രയ്ക്ക് പരിസമാപ്തി കുറിച്ചത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുണ്യ യാത്ര കഴിഞ്ഞ ശേഷം ആചാര പ്രകാരമുള്ള കര്‍മ്മങ്ങളും പുര്‍ത്തിയാക്കി. 

മുന്‍ കേന്ദ്ര മന്ത്രിമാരായ സുരേശ് പച്ചൗരി, കാന്തിലാല്‍ഡ ഭുരിയ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് മറ്റു പാര്‍ട്ടി നേതാക്കള്‍ എന്നിവരടക്കം നിരവധി പേര്‍ സിങിനേയും സംഘത്തേയും സ്വീകരിച്ചു. 

പൂര്‍ണമായും ആത്മീയ യാത്രയാണെന്നു വിശേഷിപ്പിച്ചിരുന്ന നര്‍മദ യാത്രയ്ക്കിടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍ ദിഗ്വിജയ സിങ് ശേഖരിച്ചതായും നേരത്തെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. സിങ് താമസിയാതെ ഇതു പുറത്തുവിടും. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 110 മണ്ഡലങ്ങളിലൂടേയും കാല്‍നടയായി യാത്ര ചെയ്ത സിങിന്റെ ആത്മീയ യാത്ര കോണ്‍ഗ്രസിന് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായി പ്രതികരിക്കാറുള്ള മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ സിങ് അവധി കഴിഞ്ഞ് സജീവ രാഷ്ട്രീയത്തിലെത്തുന്നത് ദേശീയ തലത്തിലും കോണ്‍ഗ്രസിന് ഗുണകരമാകും. 2017 സെപ്തംബര്‍ 30-നാണ് സിങ് യാത്രയാരംഭിച്ചത്.
 

Latest News