പനജി- ടെന്നീസ് താരം സാനിയ മിര്‍സ തനിക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി. ഭര്‍ത്താവ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഒരു പെണ്‍കുഞ്ഞിനാണ് ആഗ്രമെന്നും കുഞ്ഞ് ജനിച്ചാല്‍ പേരില്‍ അവസാന ഭാഗം മിര്‍സ മാലിക് എന്നായിരിക്കുമെന്നും സാനിയ വെളിപ്പെടുത്തി. അച്ഛന്റെ പേരാണ് പൊതുവെ മക്കളുടെ പേരിന്റെ വാലായി ചേര്‍ക്കാറുള്ളത്. ഇക്കാര്യം ഞാനും ശുഐബും ചര്‍ച്ച ചയ്യുകയും പേരില്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇരുവരും ഒരു തീരുമാനമെടുക്കുകയുമായിരുന്നെന്ന് സാനിയ പറഞ്ഞു.
ഗോവ ഫെസറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ലിംഗ സമത്വ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള തന്റെ മാതാപിതാക്കളോട് കുടുംബം നോക്കാന്‍ ഒരു ആണ്‍കുഞ്ഞു വേണമെന്ന് ബന്ധുക്കള്‍ ഉപദേശിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ടെന്നും ഇതിനെ ചൊല്ലി കുടുംബത്തോട് പോരടിച്ചിട്ടുണ്ടെന്നും സാനിയ പറഞ്ഞു. ഞാനും സഹോദരിയും ഒരു സഹോദരനുണ്ടാവാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം വെളിപ്പെടുത്തി.