ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെയും സായുധ സേനയുടെ നൂറ്റാണ്ട് പഴക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സര്‍ക്കാര്‍ റദ്ദാക്കിയതായി അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ ഹരജിയില്‍ പറഞ്ഞു. പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.
അതിനിടെ പദ്ധതി അനുസരിച്ച് അഗ്‌നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീരന്മാരെ റിക്രൂട്ട്‌മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി.
മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്‌നിപഥ് മാത്രമാണ്. അഗ്‌നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സേനയുടെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുതിയ നിയമന രീതിക്ക് കീഴിലുള്ള എല്ലാ ജോലിക്കും നിര്‍ബന്ധമാണെന്ന് സൈന്യം അറിയിച്ചു.
ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും.
പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വേതനവ്യവസ്ഥകള്‍ നിലവിലുള്ളതിനെക്കാള്‍ മികച്ചതാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീരര്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കുമെന്ന് ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളോടും ഇക്കാര്യം അഭ്യര്‍ഥിക്കുമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ ശരാശരി പ്രായംകുറയ്ക്കണമെന്നത് കാര്‍ഗില്‍ അവലോകനസമിതിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്ന് ലെഫ്. ജനറല്‍ പുരി പറഞ്ഞു.