ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് യശ്വന്ത് സിന്‍ഹ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും രാജിവച്ചു. പ്രതിപക്ഷ ഐക്യമെന്ന വലിയ കാര്യത്തിനായി താന്‍ സ്ഥാനമൊഴിയുകയാണെന്ന് ഔദ്യോഗിക ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ മത്സരിക്കുമെന്നാണ് സൂചന.
ഒരു വലിയ ദേശീയ ലക്ഷ്യത്തിനായി പാര്‍ട്ടിയില്‍ നിന്ന് മാറി പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്- രാജി പ്രഖ്യാപിച്ചുകൊണ്ട് സിന്‍ഹ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്നേക്കാള്‍ ഇക്കാര്യം നന്നായി ചെയ്യാന്‍ സാധിക്കുന്നവരുണ്ടെന്നും അത്തരമൊരു വ്യക്തിക്ക് അവസരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നുമാണ് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞത്.
മുതിര്‍ന്ന നേതാക്കളായ ശരദ് പവാറും ഫാറൂഖ് അബ്ദുല്ലയും പിന്‍വാങ്ങിയതിനു ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പരിഗണിച്ച മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോപാലകൃഷ്ണ ഗാന്ധി.
84 കാരനായ യശാന്ത് സിന്‍ഹ ഒരു ദശാബ്ദത്തിലേറെ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച ശേഷം 2018 ലാണ് ടിഎംസിയില്‍ ചേര്‍ന്നത്. അന്തരിച്ച പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു.
നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടത്.