ഗുവാഹത്തി- കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അസമിലും മേഘാലയയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 31 പേർ മരിച്ചു. അസമിലെ 28 ജില്ലകളിലായി 19 ലക്ഷം പേരെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആകെ മരിച്ചവരിൽ 12 പേർ അസമിലും 19 പേർ മേഘാലയയിലുമാണ്.
ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലും വൻ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു. ആറ് മണിക്കൂറിനുള്ളിൽ 145 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. ത്രിപുര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തെയും മഴ ബാധിച്ചു. മേഘാലയയിലെ മൗസിൻറാമിലും ചിറാപുഞ്ചിയിലും 1940 മുതൽ റെക്കോർഡ് മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 60 വർഷത്തിനിടെ അഗർത്തലയിൽ പെയ്ത ഏറ്റവും ഉയർന്ന മൂന്നാമത്തെ മഴയാണ് ഇതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രളയത്തെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അറിയിച്ചു. അസമിൽ മൂവായിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 43,000 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി കരകളും കലുങ്കുകളും റോഡുകളും തകർന്നിട്ടുണ്ട്.