ബംഗളൂരു- ജയിലില്‍ മകന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പോലീസ് അറിയിച്ചു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
ബംഗളൂരുവിലെ ശിക്കാരിപാല്യയില്‍ താമസിക്കുന്ന പര്‍വീണ്‍ താജ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജയിലില്‍ കഴിയുന്ന മകന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
പര്‍വീണ്‍ താജിന്റെ മകന് മുഹമ്മദ് ബിലാല്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. 2020ല്‍ ഒരു കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ കോണനകുണ്ടെ പോലീസാണ് അറസ്റ്റ് ചെയ്തത്. വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ പര്‍വീണ്‍ താജ് വന്നിരുന്നു. ജൂണ്‍ 13 ന് നടത്തിയ സന്ദര്‍ശനത്തില്‍ മകനു നല്കിയ തുണി സഞ്ചിയിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍ 200 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പിടികൂടിയ ഹാഷിഷ് ഓയിലിന് അഞ്ച് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
തുണിസഞ്ചിയില്‍ സംശയാസ്പദമായ വസ്തുക്കള്‍ ഉണ്ടെന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാര്‍ വിശദമായി പരിശോധിച്ചത്.
ആരുടെയോ ഫോണിലൂടെ തന്നെ വിളിച്ച മകന് വസ്ത്രങ്ങള്‍ ബാഗിലാക്കി സുഹൃത്ത് തരുമെന്നും അത് ജയിലില്‍ എത്തിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പര്‍വീണ്‍ താജ് പോലീസിനോട് പറഞ്ഞു.സഞ്ചിയിലെ മയക്കുമരുന്നിനെ കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.
ജയിലില്‍ നിന്ന് മകന് വിളിച്ച നമ്പര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഒളിപ്പിച്ച ബാഗ് കൈമാറിയ സുഹൃത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മുഹമ്മദ് ബിലാല്‍ മയക്കുമരുന്നിന് അടിമയല്ലെന്നും ജയിലില്‍ മയക്കുമരുന്ന് വില്‍ക്കാനായിരുന്നു പരിപാടിയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത 11 കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.