തിരുവനന്തപുരം- നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ മധു. ദിലീപ് കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. നടിയ്‌ക്കൊപ്പം മറ്റാരെയെങ്കിലും വീട്ടുകാര്‍ അയച്ചിരുന്നു എങ്കില്‍ ഇത്തരമൊരു വാര്‍ത്ത കാണേണ്ട ഗതികേട് തനിക്ക് ഉണ്ടാകില്ലായിരുന്നു എന്ന് മധു പറയുന്നു. പഴയകാല നടിമാര്‍ പകല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി തന്റെ അറിവിലില്ലെന്നും മധു സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മധുവിന്റെ വാക്കുകള്‍:
ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചെയ്‌തെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ദിവസവും ടിവി ഓണ്‍ ചെയ്താല്‍ കളിക്കുന്നത് ദിലീപിന്റെ വാര്‍ത്തകളാണ്. അപ്പോഴെല്ലാം ഞാന്‍ ഒരു കാര്യം മാത്രമേ ആലോചിച്ചിട്ടുള്ളു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയാണ് എന്ന് കരുതരുത്. നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറില്‍ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐപിഎസുകാരി ആയിക്കോട്ടെ പോലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാന്‍ ഒരാളെ കൂടെ കൊണ്ടുപോകും.
അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ ഹെയര്‍ സ്‌റ്റൈലിസ്‌റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും എനിക്ക് അറിയില്ല. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാര്‍ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നു എങ്കില്‍ ടിവിയില്‍ ഇങ്ങനെ കാണേണ്ടേ ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കും. അല്ലാതെ ഞാന്‍ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം എനിക്ക് അറിയില്ല. മധു പറഞ്ഞു.